തലശേരി: അൽപ്പം ഫ്ളാഷ് ബാക്ക്. ഇതൊരു ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ നായകന്റെ കഥ മാത്രമല്ല, മലയാള സിനിമയുടെ ചരിത്രത്തിൽ എഴുതിച്ചേർത്ത പിന്നാക്ക വിഭാഗത്തിൽപെട്ട ഒരു നായകന്റെ ജീവിതം കൂടിയാണ്. വിഗതകുമാരനു ശേഷം ഇറങ്ങിയ മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ ചിത്രമായ മാർത്താണ്ഡവർമ്മയിലെ നായകൻ തലശേരിക്കാരൻ ആണ്ടി.
തലശേരിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശീല വീഴുമ്പോൾ ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ആ നായകന്റെ പേര് മറക്കാൻ വയ്യ. 1931 നവംബർ ആറ്. തിരുവനന്തപുരം ക്യാപിറ്റോൾ തിയേറ്റർ. തിയേറ്ററിനു ചുറ്റും ഉത്സവം പോലെ ജനക്കൂട്ടം. കേരളം നോവലിൽ വായിച്ച മാർത്താണ്ഡവർമ്മ ചലച്ചിത്രരൂപത്തിലെത്തിയത് കാണാനെത്തിയതാണവർ. മലയാളത്തിലെ രണ്ടാമത്തേതും അവസാനത്തേതുമായ നിശബ്ദ ചിത്രത്തിന്റെ പ്രഥമ പ്രദർശനം കാണാനെത്തിയ വൻജനക്കൂട്ടത്തെ ആ നായകൻ നിരാശനാക്കിയില്ല.
സിനിമയെയും സംഗീതത്തെയും പ്രണയിച്ച ആണ്ടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് സർ സി.പി. രാമസ്വാമി പട്ടുംവളയും നൽകി ആദരിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ട് അവശകലാകാര പെൻഷനും അനുവദിച്ചിരുന്നു.
രണ്ടാമത്തെ നിശബ്ദ ചിത്രം
മലയാളത്തിലെ രണ്ടാമത്തെതും അവസാനത്തെതുമായ നിശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ. തിരുവിതാംകൂറിലെ രാജാവിന്റെ വേഷം അനശ്വരമാക്കാൻതലശേരിക്കാരൻ ആണ്ടിക്കായിരുന്നു നിയോഗം. തലശേരിക്കടുത്ത കാവുംഭാഗം സ്വദേശിയായ കണ്ടോത്ത് ആണ്ടിയുടെ ആദ്യത്തേതും അവസാനത്തേതുമായിരുന്നു ആ ചലച്ചിത്രം. ഒരൊറ്റ പ്രദർശനം കൊണ്ട് മാർത്താണ്ഡവർമ്മ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം അവസാനിച്ചതോടെ മലയാള സിനിമയിൽ അതും ചരിത്രമായി മാറി.
സ്മാരകമായി ഇടിഞ്ഞു പൊളിഞ്ഞ വീട്
മലയാളത്തിലെ മഹാനടന്റെ വീട് കാണാൻ കാവുംഭാഗത്തെത്തിയാൽ ആരുടെയും മനസ്സൊന്നിടറും. കല്ലും മരവും അടർന്ന് നിലം പൊത്താറായ ഒരു ഭാർഗവീ നിലയം പോലുള്ള പഴമ മണക്കുന്ന വീട്. ഒരു നൂറ്റാണ്ടിലേറെ പ്രായം കാണും ഈ വീടിന്. ഇടിഞ്ഞു വീഴാറായ വീടിന്റെ മേൽക്കൂരയ്ക്ക് കീഴിൽ നനഞ്ഞ മണ്ണിൽ മലയാള സിനിമയുടെ കുളമ്പടി പതിഞ്ഞതും കാണാം.1980 മേയ് 17ന് ഈ മഹാനടന്റെ ജീവിതത്തിന് തിരശ്ലീല വീണെങ്കിലും മലയാളത്തിന് ബാക്കിയായ മാർത്താണ്ഡവർമ്മ എന്ന ചലച്ചിത്രം പൂനെയിലെ നാഷണൽ ആർക്കൈവ്സിലിരുന്ന് സമ്പന്നമായ സിനിമാചരിത്രം ഓർമ്മപ്പെടുത്തുന്നുണ്ട്.