train
ജനുവരി 14ന് കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കണ്ണൂർ: സർവ്വീസ് നടത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ച ഏഴ് മെമു ട്രെയിനുകളിൽ രണ്ടെണ്ണം കണ്ണൂരിലേക്ക്. മാർച്ച് 16 മുതൽ മെമു ട്രെയിനുകൾ സർവ്വീസ് തുടങ്ങും. കണ്ണൂരിൽ നിന്നു ഷൊർണ്ണൂരിലേക്കും തിരിച്ചുമാണ് സർവ്വീസ്. രാവിലെ 4.30ന് ഷൊർണ്ണൂരിൽ നിന്നും തുടങ്ങുന്ന മെമു 9.10ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് വൈകിട്ട് 5.20ന് പുറപ്പെടുന്ന മെമു രാത്രി 10.55ന് ഷൊർണ്ണൂരിലെത്തും.

കൊവിഡ് കാലത്ത് ട്രെയിനുകൾ സർവ്വീസ് വെട്ടിക്കുറച്ച സാഹചര്യത്തിൽ മെമു സർവ്വീസ് യാത്രക്കാർക്ക് അനുഗ്രഹമാകും.ആവശ്യത്തിന് പാസഞ്ചർ ട്രെയിനുകളില്ലാത്തതും ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകളില്ലാത്തതും കാരണം സ്ഥിരംയാത്രക്കാരുടെ ദുരിതം ചെറുതൊന്നുമല്ല.

ആദ്യഘട്ട ചിലവ് 14 കോടി
റെയിൽവേ വൈദ്യുതീകരണം പൂർത്തിയാകാത്തതാണ് കൂടുതൽ സർവ്വീസിന് തടസ്സമായി ചൂണ്ടിക്കാട്ടിയിരുന്നത്. അതുവരെ ഡെമു (ഡീസൽ മൾട്ടിപ്പിൾ യൂണിറ്റ്) ഓടിക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടെങ്കിലും റെയിൽവേ പരിഗണിച്ചില്ല. ഷൊർണൂർ– മംഗളൂരു ലൈൻ വൈദ്യുതീകരണം പൂർത്തിയായിട്ട് രണ്ടുവർഷമായി.
പാലക്കാട് നിന്നു വടക്കോട്ടേക്ക് മെമു സർവീസ് തുടങ്ങുന്നതിന് ആദ്യഘട്ടത്തിൽ 14 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരുന്നത്. നിലവിൽ 100 മീറ്ററുള്ള പിറ്റ്ലൈൻ 185 മീറ്ററായി മാറ്റണം. മെമുവിന്റെ അറ്റകുറ്റപ്പണികൾക്ക് ചിലവ് കുറയുമെന്നതാണ് റെയിൽവേയെ കൂടുതൽ സർവ്വീസിന് പ്രേരിപ്പിക്കുന്നത്. ചെറിയ സ്റ്റേഷനുകളിൽ പോലും മെമു ട്രെയിനുകൾ നിറുത്താൻ കഴിയും.

മാർച്ച് 16 മുതൽ ആരംഭിക്കുന്ന മെമുവിനെ സ്വാഗതം ചെയ്യുന്നു. മംഗളൂരു - കോഴിക്കോട് റൂട്ടിലും മെമു അനുവദിക്കണം. ട്രെയിൻ ഓടുന്നതോടെ ഷൊർണ്ണൂരിനും തലശേരിക്കുമിടയിലെ സീസൺ യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാവുമെന്ന് പ്രതീക്ഷിക്കാം.

കെ. മുഹമ്മദലി, സംസ്ഥാന സെക്രട്ടറി,

റെയിൽവെ ഡിവിഷൻ പാസഞ്ചേഴ്സ് അസോ.