neelagiri

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയുടെ 12ാമത് സ്ഥാപക ദിനാഘോഷം മാർച്ച് രണ്ടിന് നടക്കും. ചന്ദ്രഗിരി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പങ്കെടുക്കും. രാവിലെ 11 ന് നടക്കുന്ന പരിപാടിയിൽ വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലു സ്വാഗതം പറയും. അക്കാഡമിക് ഡീൻ പ്രൊഫ. കെ.പി. സുരേഷ് അക്കാദമിക് റിപ്പോർട്ട് അവതരിപ്പിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്ഥാപകദിന പ്രഭാഷണം നടത്തും. സർവകലാശാലയുടെ പ്രധാന കാമ്പസിൽ പണി പൂർത്തിയാക്കിയ ഗസ്റ്റ് ഹൗസ് നീലഗിരിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിശിഷ്ടാതിഥിയാകും. രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ നന്ദി പറയും. വൈകിട്ട് കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

നീലഗിരി ഒരുങ്ങി അതിഥികളെ വരവേൽക്കാൻ

കേരള കേന്ദ്ര സർവകലാശാലയുടെ ആദ്യത്തെ സ്വന്തം അതിഥി മന്ദിരം നീലഗിരി രണ്ട് നിലകളിലായി 25,500 സ്‌ക്വയർ ഫീറ്റിലാണ് പൂർത്തിയായത്. നാല് വി.ഐ.പി. സ്യൂട്ട് റൂം, 21 എ.സി റൂം, ഓഫീസ്, രണ്ട് ഡോർമിറ്ററികൾ, 50 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാൾ, അടുക്കള, ഡൈനിംഗ് ഹാൾ എന്നിവ ഉൾക്കൊള്ളുന്നതാണ് മന്ദിരം. 10.13 കോടി രൂപയാണ് പദ്ധതി ചെലവ്. സ്വന്തം അതിഥി മന്ദിരമെന്ന സർവകലാശാലയുടെ ഏറെക്കാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. 2019 ഏപ്രിലിലാണ് നിർമ്മാണം ആരംഭിച്ചത്. എക്സിക്യുട്ടീവ് കമ്മിറ്റി യോഗവും സെമിനാറുകളും ഉൾപ്പെടെ ഇനി ഇവിടെ നടത്താൻ സാധിക്കും. സെൻട്രൽ ലൈബ്രറി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഹെൽത്ത് സെന്റർ, സോളാർ പ്ലാന്റ്, ക്വാർട്ടേഴ്സുകൾ, വിദ്യാർത്ഥികൾക്കായുള്ള പൊതു അടുക്കള തുടങ്ങിയവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കേന്ദ്ര സാമൂഹ്യ നീതി വകുപ്പ്, കേന്ദ്ര ന്യൂനപക്ഷ വകുപ്പ് എന്നിവയുടെ സഹായത്തോടെ നിർമ്മിക്കുന്ന, 1200 വിദ്യാർത്ഥികൾക്കായുള്ള ഏഴ് ഹോസ്റ്റലുകൾ വിവിധ ഘട്ടങ്ങളിലാണ്. കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി 50 കോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോർട്സ് കോംപ്ലക്സും നിർമ്മിക്കും. കരിച്ചേരി പുഴയിൽ നിന്നും സർവകലാശാലയിലേക്ക് ജലമെത്തിക്കുന്ന വാട്ടർ സപ്ലൈ സ്‌കീം അവസാന ഘട്ടത്തിലാണ്. ഇതിനായുള്ള പത്ത് ലക്ഷം ലിറ്റർ ജലം ശേഖരിക്കാൻ കഴിയുന്ന ജലസംഭരണിയും പൂർത്തിയായി.