തൃക്കരിപ്പൂർ: ഷട്ടറുകൾക്ക് ഗുണനിലവാരമില്ലെന്ന ആരോപണത്തെ തുടർന്ന്, പാതി വഴിയിൽ നിർത്തിവെച്ച കുണിയൻ ഷട്ടർ കം ബ്രിഡ്ജിന്റെ പ്രവർത്തി പൂർത്തിയായി. ഇറക്കിവെച്ച ഷട്ടറുകൾ തിരിച്ചയച്ച് പുതിയ ഷട്ടറുകൾ വരുത്തിയാണ് പണി പൂർത്തീകരിച്ചത്.
ഇതോടെ കുണിയൻ പുഴയുടെ ഇരുഭാഗങ്ങളിലെ കണ്ണൂർ, കാസർകോട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വയലേലകളിൽ ഉപ്പുവെള്ളത്തിന്റെ ഭീഷണിയില്ലാതെ കർഷകർക്ക് കൃഷിയിറക്കാൻ കഴിയും. ഏഴു ഷട്ടറുകളാണ് പുഴക്ക് കിഴക്കുപടിഞ്ഞാറായി പണിത കോൺക്രീറ്റ് സംവിധാനങ്ങൾക്കിടയിൽ സ്ഥാപിച്ചിട്ടുള്ളത്.
നേരത്തെ കൊണ്ടുവന്ന ഷട്ടറുകൾ പഴയതാണെന്ന ആരോപണം പ്രദേശത്തെ കർഷകരിൽ നിന്നും ഉയർന്നതോടെ ഇവ തിരിച്ചയച്ചതാണ് പദ്ധതി പൂർത്തിയാക്കാൻ കാലതാമസം നേരിട്ടത്. കുണിയൻ പുഴയ്ക്ക് ഇരുഭാഗങ്ങളിലുമായി നൂറുകണക്കിന് ഏക്കർ നെൽവയലിൽ ഇനി മൂന്നു വിളകൃഷിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കാലങ്ങളായി ഉപ്പുവെള്ളം കയറി കൃഷി നാശം പതിവായതോടെ കർഷകരുടെ നേതൃത്വത്തിൽ ഇവിടെ മണൽചാക്കുകൾ നിക്ഷേപിച്ച് താൽകാലിക തടയണ കെട്ടുകയായിരുന്നു പതിവ്. ശക്തിയായ വേലിയേറ്റം വന്നാൽ തടയണ കവിഞ്ഞ് കൃഷിയിടത്തിൽ ഉപ്പുവെള്ളം കയറി കൃഷി നാശം പതിവായിരുന്നു. മഴക്കാലം വരുന്നതോടെ താൽകാലിക തടയണ തകരുകയും, അടുത്ത വർഷം വീണ്ടും തടയണപണിതുമാണ് കർഷകർ കൃഷി ചെയ്തു വന്നിരുന്നത്. ഇതിന് പരിഹാരമായാണ് മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഷട്ടർ കം ബ്രിഡ്ജ് സ്ഥാപിച്ചത്. പദ്ധതി പൂർത്തിയായതോടെ കുണിയൻ - കൊയോങ്കര - എടാട്ടുമ്മൽ പാഠശേഖരങ്ങളിൽ വിപ്ളവകരമായ പുരോഗതി തന്നെ സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.