
കാസർകോട്: നിയമതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അഞ്ച് നിയോജകമണ്ഡലങ്ങളുള്ള കാസർകോട്ടും മത്സരം കടുക്കുമെന്ന് ഉറപ്പായി. ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്തും കാസർകോട്ടും ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകളായ ഉദുമ,കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിലും സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
ഇടതുസ്ഥാനാർത്ഥികളിൽ മത്സരരംഗത്ത് ഉറപ്പിച്ച പേരുകളിലൊന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റേതാണ്. ഒരാൾക്ക് മൂന്നുതവണ മത്സരിക്കാമെന്ന നിർദ്ദേശം ഉരുത്തിരിഞ്ഞുവന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പേര് ഉറപ്പിച്ചിരുന്നു.നിലവിലുള്ള സി.പി.ഐ മന്ത്രിമാരിൽ ഇദ്ദേഹത്തിന് മാത്രമാണ് മത്സരിക്കാൻ അവസരം നൽകിയിട്ടുള്ളത്. ഇടതുമുന്നണി കൈവശം വെക്കുന്ന ഉദുമയിൽ സിറ്റിംഗ് എം.എൽ.എ കെ.കുഞ്ഞിരാമൻ രണ്ട് തവണ പൂർത്തിയാക്കിക്കഴിഞ്ഞു. തൃക്കരിപ്പൂരിൽ എം.രാജഗോപാലൻ ഒരു തവണ മാത്രമെ മത്സരിച്ചിട്ടുള്ളുവെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വവും ഉറപ്പിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലും പിന്നിലായ മഞ്ചേശ്വരത്തും ശക്തനായ സ്ഥാനാർത്ഥിയെ ഇടതുമുന്നണിയ്ക്ക് കണ്ടെത്തേണ്ടതുണ്ട്.
തല പുകച്ച് യു.ഡി.എഫ്
സിറ്റിംഗ് സീറ്റുകളായ മഞ്ചേശ്വരത്തും കാസർകോട്ടുമടക്കം ഇക്കുറി യു.ഡി.എഫിന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ആലോചനകൾ വേണ്ടതുണ്ട്. കാസർകോട്ട് എൻ.എ.നെല്ലിക്കുന്ന് രണ്ട് ടേം പൂർത്തിയാക്കി കഴിഞ്ഞു. ഫാഷൻ ഗോൾഡ് കേസുമായി ബന്ധപ്പെട്ട് ജയിൽവാസം കഴിഞ്ഞെത്തിയ എം.സി.ഖമറുദ്ദീനെ മാറ്റിനിർത്തുന്ന കാര്യവും മുസ്ലിം ലീഗിന് മുന്നിലുണ്ട്. ലോക് സഭ തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയ ഉദുമ പിടിച്ചെടുക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കണമെന്നതാണ് യു.ഡി.എഫിന്റെ തീരുമാനം.കഴിഞ്ഞ തവണ കെ.സുധാകരനെ ഇറക്കിയിട്ടും കെ.കുഞ്ഞിരാമനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പെരിയ ഇരട്ടക്കൊലയടക്കമുള്ള വിഷയങ്ങൾ ഇക്കുറി അനുകൂലമാകുമെന്ന വിലയിരുത്തൽ അവർക്കുണ്ട്. കോൺഗ്രസ് കാലങ്ങളായി പരാജയപ്പെടുന്ന സീറ്റ് വിട്ടുനൽകണമെന്ന ആവശ്യം മുസ്ലിം ലീഗിൽ നിന്ന് ഉയരാനുള്ള സാഹചര്യവും ഇവിടെയുണ്ട്. ഇ.ചന്ദ്രശേഖരനെ കാഞ്ഞങ്ങാട്ട് നേരിടാനുള്ള ശക്തനായ സ്ഥാനാർത്ഥിയേയും കോൺഗ്രസ് തേടുകയാണ്. ഇതുവരെ പച്ചതൊട്ടില്ലെങ്കിലും കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തൃക്കരിപ്പൂരും കോൺഗ്രസിലെ സ്ഥാനാർത്ഥി മോഹികൾ കണ്ണുവച്ച സീറ്റുകളിലൊന്നാണ്.
പിടിമുറുക്കാൻ എൻ.ഡി.എ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കേവലം 89 വോട്ടിന്റെ വ്യത്യാസത്തിൽ കൈവിട്ട മഞ്ചേശ്വരം ബി.ജെ.പിയെ ഇക്കുറി വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അന്ന് സ്ഥാനാർത്ഥിയായിരുന്ന ഇന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പേരു തന്നെയാണ് ഇക്കുറിയും മുന്നിലുള്ളത്. എം.സി.ഖമറുദ്ദീൻ എം.എൽ.എയ്ക്കെതിരെയുണ്ടായ കേസും ജയിൽവാസവുമടക്കം ഉന്നയിച്ച് ശക്തമായ പ്രചാരണം നടത്തി സീറ്റ് പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ നീക്കം. കാലങ്ങളായി രണ്ടാമതെത്തുന്ന കാസർകോടിന് പുറമെ ഉദുമ, കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ നിയോജകമണ്ഡലങ്ങളിലും
വിജയപ്രതീക്ഷ വച്ചാണ് എൻ.ഡി.എയുടെ പദ്ധതികളൊരുങ്ങുന്നത്.