കാസർകോട്: മടിക്കൈ കാഞ്ഞിരപ്പൊയിൽ - കാഞ്ഞങ്ങാട് റൂട്ടിലെ ഫെയർ സ്റ്റേജ് പ്രശ്നം പഠിക്കാൻ സബ് കമ്മിറ്റിയെ നിയോഗിച്ചു. ജില്ലാ കളക്ടർ ഡി. സജിത് ബാബുവിന്റെ ശക്തമായ ഇടപെടലിലാണ് 2016 മുതൽ നടത്തുന്ന നിയമ പോരാട്ടം ഫലം കാണുന്നത്.
അഞ്ചു വർഷം മുമ്പ് രഹ്നാസ് മടിക്കൈ നൽകിയ പരാതിയിലാണ് കാസർകോട് ആർ.ടി.എ യോഗത്തിൽ നടപടി ഉണ്ടാകുന്നത്. നേരത്തെ ഈ റൂട്ടിലെ ഫെയർ സ്റ്റേജ് ക്രമക്കേട് വിജിലൻസ് ശരിവയ്ക്കുകയും നടപടിക്ക് ശുപാർശയും ചെയ്തിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അനുകൂലമായി റിപ്പോർട്ട് റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റിയ്ക്ക് സമർപ്പിച്ചു. 2016ൽ നടന്ന യോഗത്തിൽ വിഷയം പരിഗണിച്ചെങ്കിലും, ബസ് ഉടമകളുടെ സംഘടന തടസവാദം ഉന്നയിച്ചതോടെ മാറ്റിവെച്ചു.
ലോക്ക്ഡൗണിന് മുൻപാണ് വീണ്ടും പരാതി നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അജണ്ട 78 ആയി ഈ വിഷയം പരിഗണിച്ചെങ്കിലും, ബസുടമകളുടെ അഭിഭാഷകൻ തടസവാദം ഉന്നയിച്ചു. ഇതേ തുടർന്ന് അഞ്ചു വർഷമായി പരാതി ഉന്നയിക്കുന്ന ഒരാളാണെന്നും തന്റെ ഭാഗം കേൾക്കണമെന്നും പറഞ്ഞു നേരിട്ടു ഹാജരായ രഹ്നാസ് വിഷയം ഉന്നയിച്ചു. ഇതോടെ കളക്ടർ പ്രത്യേക പരിഗണനയോടെ കേൾക്കാൻ തയാറായി.
ഏറെ നേരത്തെ വാദപ്രതിവാദങ്ങൾക്കിടയിൽ തടസവാദങ്ങൾക്കെല്ലാം അർഹിക്കുന്ന മറുപടി കളക്ടർ തന്നെ നൽകി. ഒടുവിൽ റൂട്ടിലെ ഫെയർ സ്റ്റേജ് പ്രശ്നം പഠിക്കാൻ സബ് കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. 20 ദിവസം കൊണ്ട് പഠനം നടത്തി റിപ്പോർട്ട് നൽകാനും അധികം വൈകാതെ നടപടി എടുക്കാനും കളക്ടർ നിർദ്ദേച്ചു. യോഗത്തിൽ സംബന്ധിച്ചിരുന്ന മോട്ടോർ വാഹന വകുപ്പ് ഡെപ്യുട്ടി കമ്മീഷണർ വിഷയം പരിഹരിക്കാൻ കാസർകോട് ആർ.ടി.ഒ രാധാകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തു.
നിരക്കിന് 55 വർഷത്തെ പഴക്കം
55 വർഷങ്ങൾക്ക് മുമ്പ് ചെമ്മൺ പാത ഉണ്ടായിരുന്നപ്പോൾ നിശ്ചയിച്ച ഫെയർ സ്റ്റേജ് അനുസരിച്ചുള്ള നിരക്കാണ് ഇപ്പോഴും ബസുകൾ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. എന്നാലിപ്പോൾ മികച്ച റോഡാവുകയും ദൂരം കുറയുകയും ചെയ്തിട്ടും നിരക്ക് കുറയ്ക്കാൻ തയാറായിട്ടില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു.