tly
35 വർഷം മുമ്പ് തലശ്ശേരി ജഗന്നാഥക്ഷേത്രോത്സവ വെടിക്കെട്ട് കാണുന്നവർക്കിടയിലേക്ക് ട്രെയിൻ ഇടിച്ചുകയറിയതിന് പിന്നാലെയുള്ള ദൃശ്യം

തലശ്ശേരി: മൂന്നര പതിറ്റാണ്ടിന് മുമ്പുള്ള ഫെബ്രുവരി 28ലെ പുലർകാലം. ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള അതിഗംഭീര പൂവെടി കാണാൻ സൂചി കുത്താനിടമില്ലാത്ത വിധം ജനങ്ങൾ തിങ്ങിക്കൂടി നിൽക്കുന്നു. പള്ളിവേട്ട സംബന്ധിച്ചുള്ള തർക്കമുള്ളതിനാൽ ശക്തമായ പൊലീസ് സന്നാഹവും.
പുലർച്ചെ 4.50 ന് റെയിലിന് താഴെയുള്ളവയലിൽ വച്ച് വെടിക്കെട്ട് ആരംഭിച്ചു. വർണ്ണ വിസ്മയ പൂവെടി കൺകുളുർക്കെ കാണാൻ നൂറു കണക്കിനാളുകൾ റെയിൽ പാളത്തിലായിരുന്നു. പൂവെടിയുടെ ആവേശത്തിൽ, കാതടിപ്പിക്കുന്ന ശബ്ദഘോഷത്തിൽ പുകമറക്കിടയിലൂടെ കുതിച്ചെത്തിയ കണ്ണൂർ എറണാകുളം എക് സിക്യുട്ടീവ് ട്രെയിൻ കടന്നു പോയത് ആരുമറിഞ്ഞില്ല .ഒന്ന് നിലവിളിക്കാൻ പോലുമാകാതെ നിരവധി പേരുടെ ശരീരത്തിലൂടെയാണ് വണ്ടി കടന്നുപോയത്.കൂട്ട നിലവിളിയും പൊലീസുകാരുടെ വിസിലുകളുമൊക്കെയായി എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്ത നിമിഷങ്ങളായിരുന്നു അത്.

നൂറ് കണക്കിന് ടോർച്ച് ലൈറ്റുകളാണ് അന്ന് റെയിൽ പാളത്തെ ലക്ഷ്യമാക്കി ഓടിയത്. കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർ ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ കർമ്മനിരതരായിരുന്നു. ഉത്സവത്തിനായുടുത്ത പുതുവസ്ത്രങ്ങൾ ചോരയിൽ കുതിർന്നിരിക്കുന്നു. വെടിമരുന്നിന്റേയും, ചോരയുടേയും മണം തളം കെട്ടിയ അന്തരീക്ഷം.

28 പേർക്കാണ് ജീവൻ നഷ്ടമായത്. അതിലേറെപ്പേർക്ക് ഗുരുതരമായ മുറിവേറ്റിരുന്നു. അടുത്ത ദിവസം കേന്ദ്ര മന്ത്രി മാധവറാവു സിന്ധ്യയും സംസ്ഥാന മന്ത്രി ഇ.അഹമ്മദും തലശ്ശേരിയിലെത്തി ആശുപത്രിയിൽ കഴിയുന്നവരേയും, സംഭവസ്ഥലവും സന്ദർശിച്ചിരുന്നു.