
തലശ്ശേരി: ഇടതുപക്ഷത്തിന്റെ ശക്തിദുർഗ്ഗമായ തലശ്ശേരിയിൽ സിറ്റിംഗ് എം.എൽ.എ അഡ്വ.എ.എൻ.ഷംസീർ തന്നെ രണ്ടാമങ്കത്തിനെത്തുമോ? അതോ ഇക്കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ തലശ്ശേരി ഉൾപ്പെട്ട വടകര മണ്ഡലത്തിൽ പരാജയപ്പെട്ട പി.ജയരാജൻ വരുമോ?
രണ്ട് തവണ മത്സരിച്ച വരെ മാറ്റി നിർത്താനും, ജയസാദ്ധ്യതയുള്ളവർക്ക് മുൻതൂക്കം നൽകണമെന്നുമാണ് സി.പി.എമ്മിന്റെ പൊതു ധാരണ.ഇതനുസരിച്ച് ഏരിയാ കമ്മിറ്റിയുടെ അഭിപ്രായം ജില്ലാ കമ്മിറ്റി വഴി സംസ്ഥാന കമ്മിറ്റിക്ക് അയച്ചു കഴിഞ്ഞതായി അറിയുന്നു. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയുള്ള തിയ്യതികളിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകും.
ഇടക്കാലത്തുണ്ടായ വിവാദങ്ങളെ, വികസനം കൊണ്ട് മറികടന്ന അഡ്വ.എ.എൻ.ഷംസീർ തന്നെയായിരിക്കും ഇത്തവണയും ഇടത് മുന്നണി സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന ഒരാൾ. മണ്ഡലം മുമ്പൊരിക്കലും കാണാത്ത വികസന പ്രവർത്തനങ്ങൾക്ക് നിമിത്തമായതാണ് ഒരു വട്ടം കൂടി മാൻഡേറ്റ് നേടാൻ ഷംസീറിന് അവസരമൊരുങ്ങുന്നത്.
മണ്ഡലത്തിന് പുറത്തു നിന്നുള്ളവരെ അടിച്ചേൽപ്പിക്കരുതെന്ന മനോഭാവമാണ് കോൺഗ്രസിലുള്ളത്
. മുൻ നഗരസഭാംഗവും, തലശ്ശേരി ബ്ലോക്ക് പ്രസിഡന്റുമായ എംപി. അരവിന്ദാക്ഷന്റെ പേരിനാണ് മുൻതൂക്കം. കതിരൂർ, എരഞ്ഞോളി, കോടിയേരി പ്രദേശങ്ങളിലെ ജാതിയ മായ സ്വാധീനവും ജനകീയതയുമാണ് അരവിന്ദാക്ഷനെ തുണയ്ക്കുന്ന ഘടകം.കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ മാസ്റ്ററുടെ പേരും സജീവമാണ്. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിനാണ് ബി.ജെ.പിയിൽ പരിഗണന' തലശ്ശേരി നഗരസഭയിലടക്കം ബി.ജെ.പി.ക്ക് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
എന്നും വി.ഐ.പി മണ്ഡലം
നായനാരും, പാട്യം ഗോപാലനും കൊടിയേരിയുമടക്കമുള്ള മുൻനിര നേതാക്കൾ മത്സരിച്ച മണ്ഡലമാണ് തലശ്ശേരി.2014ൽ വടകര പാർലിമെന്റ് മണ്ഡലത്തിൽ മുല്ലപ്പള്ളിയോട് പരാജയപ്പെട്ട ഷംസീർ അസംബ്ലി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് എ.പി.അബ്ദുള്ളക്കുട്ടിയെ തോൽപ്പിച്ച്, ഷംസിർ അസംബ്ലിയിലെത്തിയത്.
2016ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ എ.എൻ.ഷംസീർ സി.പി.എം (70,741) എ.പി.അബ്ദുള്ളക്കുട്ടി കോൺഗ്രസ്സ് (36,624) വി.കെ.സജീവൻ ബി.ജെ.പി (22'125) എന്നിങ്ങനെയാണ് വോട്ട് നില
എന്നാൽ കഴിഞ്ഞ വർഷം നടന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പി.ജയരാജന് ( സി.പി.എം) 65401 വോട്ടും, കെ.മുരളീധരന് (കോൺ) 53932 വോട്ടും, വി.കെ.സജീവൻ ( ബി.ജെ.പി) 13456 വോട്ടും നേടി.അസംബ്ലിയിൽ കിട്ടിയതിനേക്കാൾ അയ്യായിരത്തിലേറെ വോട്ടുകൾ എൽ.ഡി.എഫിൽ നിന്ന് ചോർന്നു.
ഷംസി റിന് ഒരവസരം കൂടി നൽകണമെന്ന അഭിപ്രായമാണ് പൊതുവെ മുന്നണിയിലുള്ളത്.