ശ്രീകണ്ഠപുരം: പണി ഇഴഞ്ഞു നീങ്ങിയതിനാൽ പൊതുമരാമത്ത് വകുപ്പ് മഞ്ഞ പട്ടികയിൽ ഉൾപ്പെടുത്തിയ മലപ്പട്ടം കണിയാർവയൽ താമസിയാതെ ചുവന്ന പട്ടികയിലേക്ക് മാറാൻ സാദ്ധ്യത. പാർട്ടി ഗ്രാമമായ മലപ്പട്ടം റോഡിനാണ് ഈ ദുർവിധി.
കിഫ്ബിയുടെ പരിശോധനയിലാണ് കഴിഞ്ഞവർഷം ഈ റോഡിന്റെ കരാറുകാരനെ മഞ്ഞ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്നിട്ടും പണി മന്ദഗതിയിൽ തന്നെയാണ് നടക്കുന്നത്. അടുത്ത പരിശോധനയിലും പുരോഗതി കണ്ടെത്തിയില്ലെങ്കിൽ ഈ റോഡ് റെഡ് ലിസ്റ്റിൽപെടുത്തി ഫണ്ടുകൾ തടയുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.
മലപ്പട്ടം കണിയാർ വയൽ അഡുവാപുറം പാവന്നൂർ മൊട്ട റോഡ് . എന്നാൽ നിലവിലും ഈ റോഡിന്റെ ഏറെ ഭാഗവും പണി തീർന്നിട്ടില്ല. വീതി കൂട്ടി വളവും കയറ്റവും കുറച്ച് കലുങ്കും ഓടയും നടപ്പാതയും നിർമിച്ച് മെക്കാഡം ടാറിംഗ് നടത്തുന്നതാണ് പദ്ധതി. റോഡ് പണി മന്ദഗതിയിലാണ് നടക്കുന്നതെന്നും നടത്തിപ്പിൽ വ്യാപകക്രമകേടുണ്ടെന്നും പറഞ്ഞ് നാട്ടുകാർ തുടക്കത്തിൽ കളക്ടർക്കുൾപ്പെടെ പരാതി നൽകിയിരുന്നു. തുടർന്ന് പരിശോധന നടത്തി പോരായ്മ കണ്ടെത്തിയതിനാൽ കൃത്യമായി പണി നടത്താൻ നിർദ്ദേശം നൽകി.എങ്കിലും ഒച്ചിഴയുന്ന വേഗതയിലാണ് പണി .നിലവിൽ കണിയാർവയൽ ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്.റോഡ് പണി പൂർത്തിയാവാത്തതിനാൽ കണ്ണൂർ മയ്യിൽ ശ്രീകണ്ഠപുരം റൂട്ടിലോടുന്ന ബസുകളും മറ്റ് വാഹനങ്ങളും യാത്രികരുമാണ് ദുരിതത്തിലായത്.
പദ്ധതി നിർവഹണകാലയളവ്
2018 ഒക്ടോബർ 17- 2020 ഒക്ടോബർ 16
കണിയാർ വയൽ മലപ്പട്ടം റോഡ്
28.86 കോടി ചെലവ്
12.95 കിലോമീറ്റർ