പയ്യന്നൂർ: സംസ്കൃത കാവ്യജ്ഞാനത്തെ പ്രധാനമായും ആശ്രയിച്ചുള്ള വടക്കെ മലബാറിന്റെ വാക്യാർത്ഥസദസ് മലയാളസാഹിത്യത്തിലെ കൃതികളെയും ഉൾകൊണ്ടുതുടങ്ങി. കവി പ്രഭാവർമ്മയുടെ ശ്യാമമാധവമാണ് അനുഷ്ഠാന പെരുമയുള്ള അറിവരങ്ങിന്റെ ചരിത്രത്തിൽ ആദ്യമായി അരങ്ങേറിയത്. പയ്യന്നൂർ തെക്കെ മമ്പലത്തെ ടി.ഗോവിന്ദൻ സെന്ററും
പൂരക്കളി അക്കാദമിയും സംയുക്തമായാണ് അനുഷ്ഠാനകലയുടെ നവീകരണത്തിന് തുടക്കം കുറിച്ചത്.
പയ്യന്നൂർ ഷേണായി സ്ക്വയറിലാണ് എം.രാജീവൻ പണിക്കരും പി.ടി.മോഹനൻ പണിക്കരും തമ്മിൽ ഈ കാവ്യത്തെ ആസ്പദമാക്കി മറുത്തുകളിയിലേർപ്പെട്ടത്. കവിതയിലെ പുതിയ കാലവുമായി സംവദിക്കുന്ന ശ്രീകൃഷ്ണ ജീവിതചിത്രം ചർച്ചകൾക്ക് വിഷയമായി. ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ, ഡോ.അനിൽ ചേലേമ്പ്ര, പി.പി.മാധവൻ പണിക്കർ എന്നിവരായിരുന്നു അദ്ധ്യക്ഷ വേദിയിലുണ്ടായിരുന്നത്.
വടക്കെ മലബാറില പണ്ഡിത കേളിയായി നൂറ്റാണ്ടുകളായി തുടരുകയും സാമാന്യ ജനതയ്ക്ക് അറിവും ആനന്ദവും പകർന്ന് നൽകുകയും ചെയ്യുന്ന മറത്തുകളിയെ സമകാലികമാക്കാനുള്ള ശ്രമങ്ങൾക്കാണ് ഇന്നലെ പയ്യന്നൂരിൽ തുടക്കമായത്. ഒ.എൻ.വിയുടെ ഉജ്ജയനി, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി തുടങ്ങിയ കാവ്യങ്ങളെയും അരങ്ങിലെത്തിക്കാൻ പദ്ധതിയുണ്ട്
ടി.ഐ.മധുസൂദനന്റെ അദ്ധ്യക്ഷതയിൽ മുൻ എം.പി. പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. അനിൽ ചേലേമ്പ മുഖ്യ പ്രഭാഷണം നടത്തി . സമാപന സമ്മേളനം സി. കൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനചടങ്ങിൽ സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച പി.അപ്പുക്കുട്ടനെ ചടങ്ങിൽ ആദരിച്ചു.
എം. പ്രസാദ് സ്വാഗതംം പറഞ്ഞു.