
കോഴിക്കോട്: ഇത്തവണ കോഴിക്കോട് നോർത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി പുതുമുഖങ്ങളുടെയടക്കം പേരുകൾ ഉയരുമ്പോഴും ,സിറ്റിംഗ് എം.എൽ.എ എ.പ്രദീപ് കുമാറിന് നാലാമൂഴം ലഭിച്ചേക്കുമെന്ന അഭ്യൂഹത്തിന് ശക്തിയേറുന്നു.
സി.പി.എം നിബന്ധനയനുസരിച്ച്, തുടർച്ചയായി രണ്ട് തവണ ജനപ്രതിനിധിയായവർ മാറി നിൽക്കണം.കഴിഞ്ഞ തവണ പ്രദീപ്കുമാറിന് മൂന്നാം വട്ടം ലഭിച്ചത്, സംസ്ഥാന ഭരണം പിടിക്കാൻ ജയസാദ്ധ്യതയുള്ളവരെ മാത്രം മത്സരിപ്പിക്കുകയെന്ന തന്ത്രത്തിലൂന്നിയായിരുന്നു. സംസ്ഥാനത്തെ ഒരു പൊതുവിദ്യാലയത്തെ ആദ്യമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ മുന്നിട്ടിറങ്ങിയ പ്രദീപ് കുമാറിന്റെ ഉയർന്ന ഇമേജ് ആ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.ഭൂരിപക്ഷം 2011 ലെ 8,998 വോട്ടിൽ നിന്ന് 2016ൽ 27,873 വോട്ടായി ഉയർന്നു.
ഇതേ ഗ്ളാമറിന്റെ ബലത്തിൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലം പിടിക്കാൻ, 2019-ൽ പ്രദീപ്കുമാറിനെ ഇറക്കിയെങ്കിലും ഫലിച്ചില്ല. സ്വന്തം നിയമസഭാ മണ്ഡലത്തിൽ പോലും 4,608 വോട്ടിന് പിന്നിലായി.
നൂറു ശതമാനവും ഭരണത്തുടർച്ച മുന്നിൽക്കണ്ടാണ് ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിലേക്ക് സി.പി.എം നേതൃത്വം നീങ്ങുന്നതെന്നിരിക്കെ, പൊരുതി നേടാൻ കൂടുതൽ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയായി കാണുന്നത് പ്രദീപ് കുമാറിനെയാണ്. വ്യക്തിപരമായി പ്രദീപ് കുമാറിനോട് മതിപ്പ് കുറവില്ലെങ്കിലും, പാർട്ടി തത്വം മറന്ന് വീണ്ടും അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. പ്രദീപ്കുമാറല്ലെങ്കിൽ, മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനാവും കൂടുതൽ സാദ്ധ്യത. പൊതുമണ്ഡലത്തിലെ സ്വീകാര്യത തന്നെയാണ് അടിസ്ഥാനം.
യു.ഡി.എഫ് പക്ഷത്ത് കോൺഗ്രസ് സാദ്ധ്യതാപട്ടികയിൽ മുന്നിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്തും, കോർപ്പറേഷൻ മുൻ കൗൺസിലർ വിദ്യ ബാലകൃഷ്ണനുമാണ്. ഇത്തവണ വനിതയെ പരിഗണിച്ചാൽ, വിദ്യയാവും സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥി
മിക്കവാറും സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി .രമേശായിരിക്കും. കുറച്ചു കാലമായി കോഴിക്കോട് കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.