vengeri
വേങ്ങേരി കാർഷിക വിപണന കേന്ദ്രം

കോഴിക്കോട്: വേങ്ങേരി കാർഷിക മൊത്ത വിപണനകേന്ദ്രത്തിന്റെ വികസനം ലക്ഷ്യംവെച്ച് സർക്കാരിന് സമർപ്പിച്ച മാസ്റ്റർപ്ലാൻ ഒരുവർഷം കഴിഞ്ഞിട്ടും വെളിച്ചം കണ്ടില്ല. കാർഷിക സർവകലാശാല കേന്ദ്രവും കൺവെൻഷൻ സെന്ററും ഉൾപ്പെടെ 22 പദ്ധതികളാണ് സമർപ്പിച്ചത്. ബഡ്ജറ്റിലും വേങ്ങേരി കാർഷിക മൊത്ത വിപണനകേന്ദ്രത്തിന് അവഗണനയായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് കേരളാ ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ 110 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ സമർപ്പിക്കുന്നത്. കർഷകരുടെയും പൊതുജനങ്ങളുടെയും സൗകര്യം കണക്കാക്കിയായിരുന്നു പദ്ധതി തയ്യാറാക്കിയത്. അനുമതി ലഭിച്ചാൽ മൂന്ന് വർഷം കൊണ്ട് പൂർത്തീകരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത് കുറച്ച് ഭാഗം മാത്രമാണ്. കാർഷിക കേന്ദ്രത്തിനായി അനുവദിച്ച പകുതിയോളം ഭാഗവും കടമുറികളും സൗകര്യങ്ങളും ഉപയോഗശൂന്യമായി കിടക്കുകയാണ്.

25 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കേന്ദ്രത്തിൽ കർഷകർക്കായി 11 ഏക്കർ സ്ഥലവും പൊതുവായി 11.6 ഏക്കർ സ്ഥലവും സർവകലാശാല കേന്ദ്രത്തിനും ഗവേഷണ കേന്ദ്രത്തിനുമായി 2.8 ഏക്കറുമാണ് പദ്ധതിയിൽ പറയുന്നത്.

 പദ്ധതികൾ

കാർഷിക സർവകലാശാല കേന്ദ്രം, കൺവെൻഷൻ സെന്റ‌ർ, റിസർച്ച് ലാബ്, ചില്ലറ വിൽപ്പനശാലയും കർഷകർ നേരിട്ട് നടത്തുന്ന ചന്തയും, പാക്കേജിംഗ് യൂണിറ്റ്, കർഷക സഹായ കേന്ദ്രം, ഗസ്റ്റ് ഹൗസ്, കാർഷികോത്പന്നങ്ങളുടെ സംഭരണം, വിതരണത്തിനായി ഈ-പോർട്ടലുകൾ, ഖരമാലിന്യസംസ്കരണ സംവിധാനം, ജൈവവളം കീടനാശിനികൾ എന്നിവയുടെ വിൽപ്പനകേന്ദ്രം, താമസ സ്ഥലം, വിത്തു കേന്ദ്രം, ആഗ്രോ സൂപ്പർ മാർക്കറ്റ്, ഭക്ഷണശാല, ജൈവ മാർക്കറ്റ്, എക്സിബിഷൻ, വെയർ ഹൗസ്, ഫ്രീസർ സ്റ്റോറേജ്, നടപ്പാതയും വ്യായാമം ചെയ്യാനുള്ള സ്ഥലവും.

ഡയറക്ടറേറ്റിലാണ് ഫയലുള്ളത്. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ല.

അജയ് അലക്സ്, കാർഷിക വിപണനകേന്ദ്രം അസിസ്റ്റന്റ് സെക്രട്ടറി