chennithala

കോഴിക്കോട് : 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര നാളെ ജില്ലയിലെത്തും. വൈകീട്ട് നാലിന് അടിവാരത്ത് എത്തുന്ന ജാഥയ്ക്ക് സേവാദൾ വൈറ്റ് ഗാർഡ് മോട്ടോർ ബൈക്കുകളുടെ അകമ്പടിയോടെ ആദ്യ സ്വീകരണം നൽകും. രണ്ട് ദിവസങ്ങളിലായി ജാഥ പര്യടനം നടത്തും. നാലാം തീയതി വൈകീട്ട് അഞ്ചിന് ബീച്ചിൽ നടക്കുന്ന ജില്ലയിലെ സമാപനം മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കർണാടക പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ, എം.പിമാരായ പി. കെ കുഞ്ഞാലിക്കുട്ടി, ശശി തരൂർ, എം.കെ രാഘവൻ, കെ. മുരളീധരൻ, എം.എൽ.എമാരായ പി.ജെ ജോസഫ്, എം.കെ മുനീർ എന്നിവർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ രൂപീകരണം ജാഥയിൽ നടക്കും. ജില്ലയിൽ ആറ് കേന്ദ്രങ്ങളിലാണ് സ്വീകരണം.

പുതുപ്പാടി അമ്പായത്തോട്, താമരശ്ശേരി വഴി കടന്നു പോകുന്ന ജാഥയ്ക്ക് വൈകീട്ട് 4.30ന് തിരുവമ്പാടി നിയോജകമണ്ഡലത്തിൽ സ്വീകരണം നൽകും. തിരുവമ്പാടിയിൽ നിന്ന് ഓമശ്ശേരി , പുത്തൂർ, മാനിപുരം, കൊടുവള്ളി പരപ്പൻപൊയിൽ വഴി കൊടുവള്ളി നിയോജകമണ്ഡലത്തിൽ സ്വീകരണം നൽകും. വൈകീട്ട് ഏഴു മണിയോടെ താമരശ്ശേരിയിൽ ജാഥ സമാപിക്കും.

നാലിന് രാവിലെ പത്ത് മണിക്ക് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്വീകരണം പേരാമ്പ്രയിലും നാദാപുരം മണ്ഡലത്തിലെ സ്വീകരണം 11മണിക്ക് തൊട്ടിൽപാലത്തും നടക്കും. കുറ്റ്യാടി നിലേച്ച് കുന്ന്, ആയഞ്ചേരി വഴി കുറ്റ്യാടി മണ്ഡലത്തിൽ എത്തുന്ന ജാഥയ്ക്ക് രണ്ടു മണിയ്ക്ക് തിരുവള്ളൂരിൽ സ്വീകരണം നൽകും. തോടന്നൂർ വഴി വടകര മണ്ഡലത്തിലെ സ്വീകരണം മൂന്ന് മണിക്ക് വടകരയിലും , പയ്യോളി വഴി കൊയിലാണ്ടി മണ്ഡലത്തിലെ സ്വീകരണം നാല് മണിയ്ക്ക് കൊയിലാണ്ടിയിലും നൽകും.

പൂളാടികുന്ന് വഴി പാവങ്ങാട് പ്രവേശിക്കുന്ന ജാഥ വെസ്റ്റ്ഹിൽ, നടക്കാവ്, ക്രിസ്ത്യൻ കോളേജ് വഴി സി.എച്ച് ഓവർ ബ്രിഡ്ജിലൂടെ അഞ്ച് മണിക്ക് ബീച്ചിൽ പ്രവേശിക്കും. ബാലുശ്ശേരി ,എലത്തൂർ, കുന്ദമംഗലം, കോഴിക്കോട് സൗത്ത്, നോർത്ത് ,ബേപ്പൂർ മണ്ഡലത്തിലെ പ്രവർത്തകർ ജാഥയോടൊപ്പം ചേരും. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, ജനറൽ കൺവീനർ എം.എ. റസാഖ്, ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു എന്നിവർ പങ്കെടുത്തു.