കോഴിക്കോട്: കേന്ദ്ര ബഡ്ജറ്റിൽ റെയിൽവേ വികസനത്തിന് ഭീമമായ തുക വകയിരുത്തിയതും കൊച്ചി മെട്രോ റെയിലിന്റെ രണ്ടാംഘട്ടത്തിന് 1967 കോടി രൂപ അനുവദിച്ചതും സ്വാഗതാർഹമാണെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റേയും, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റേയും മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും സംയുക്ത ഓൺലൈൻ അവലോകന യോഗം അഭിപ്രായപ്പെട്ടു.
രണ്ട് പുതിയ വാക്സിനുകൾ കൂടി വരുന്നതും ആരോഗ്യ - കാർഷിക - അടിസ്ഥാന സൗകര്യ വികസന - ശുദ്ധജല വിതരണം, ദേശീയപാത വികസനം, മുതിർന്ന പൗരന്മാർക്കും, പ്രവാസികൾക്കും നികുതി ഇളവുകൾ, സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം, ഗ്രാമീണ വികസന പദ്ധതി എന്നിവയെയും യോഗം സ്വാഗതം ചെയ്തു. വിഭവ സമാഹരണത്തിന് ആദായ നികുതിനിരക്ക് - എക്സൈസ് തീരുവ തുടങ്ങിയ നികുതികൾ വർദ്ധിപ്പിക്കാത്തതും കൊവിഡിന്റെ പേരിൽ സെസ് ഏർപ്പെടുത്താത്തതും ആശ്വാസകരമാണ് .
കൊച്ചിയിൽ മത്സ്യബന്ധന വാണിജ്യ ഹബ്ബ്, ദേശീയപാതയ്ക്ക് 65,000 കോടി, കന്യാകുമാരി മുംബയ് ഇടനാഴി, എന്നിവ കേരളത്തിന് ലഭിച്ച പരിഗണനയാണ്. യോഗത്തിൽ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ.ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു.