കൽപ്പറ്റ: ജില്ലയുടെ വികസന കാഴ്ചകളൊരുക്കി ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന 'ഇനിയും മുന്നോട്ട്" വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദർശനത്തിന് കൽപ്പറ്റ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തുടക്കമായി. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, നഗരസഭ കൗൺസിലർ സി.കെ.ശിവരാമൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.മുഹമ്മദ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.പി.ജിനീഷ് തുടങ്ങിയവർ പങ്കെടുത്തു. 'ഉണർവ്വ്' നാടൻ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.
കൊവിഡ് കാലത്ത് ഉൾപ്പെടെ സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതികൾ പൊതുജനങ്ങളോട് സംവദിക്കുന്ന തരത്തിലാണ് ഫോട്ടോ പ്രദർശനം ഒരുക്കിയിട്ടുള്ളത്. വിവിധ വികസന ക്ഷേമ പദ്ധതികളും ജില്ലയിൽ ആവിഷ്‌കരിച്ച മറ്റ് പദ്ധതികളും പ്രദർശനളിലുണ്ട്. വികസന പ്രവർത്തനങ്ങളുടെ ഹ്രസ്വചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് 7 വരെയാണ് പ്രദർശനം.
രണ്ടാമത്തെ പ്രദർശനം ബത്തേരി നഗരസഭാ അങ്കണത്തിൽ 5, 6 തിയ്യതികളിൽ നടക്കും. നഗരസഭാ ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ട്രൈസം ഹാൾ പരിസരത്ത് 8, 9 തീയതികളിൽ നടക്കുന്ന പ്രദർശനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. പനമരം, വൈത്തിരി എന്നിവിടങ്ങളിലും പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്.