കൽപ്പറ്റ: മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ പാതിരിപ്പാലത്ത്‌ ദേശീയപാതയിൽ വെച്ച് പണം കവർച്ച ചെയ്യാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. രണ്ടാം പ്രതിയായ അങ്കമാലി കറുകുറ്റി സ്വദേശിയായ മുലംകുടിയിൽ എം.ജെ. അജീഷിനെ (35) യാണ് തൃശ്ശൂരിലെ മുരിങ്ങൂരിൽ വെച്ചു അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി ഇൻസ്‌പെക്ടർ അബ്ദുൾ ഷെരീഫിന്റെ നേതൃതത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ജനുവരി 13ന് രാവിലെയാണ് സംഭവം. മൈസൂരിൽ നിന്ന് പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാർ യാത്രക്കാരെ മിനിലോറി റോഡിന് കുറുകെയിട്ട് തടസം ഉണ്ടാക്കി വാഹനം തല്ലിത്തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച 15 അംഗ കുഴൽപണ കവർച്ച ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് പിടിയിലായത്. ഇയാളെ മീനങ്ങാടി സ്റ്റേഷനിൽ കൊണ്ടുവന്നു അറസ്റ്റ്‌രേഖപ്പെടുത്തി.

കവർച്ചയ്ക്ക് ഉപയോഗിച്ച കെ.എൽ 40 ഡി 8979 നമ്പർ കാർ ഓടിച്ചിരുന്നത് അജീഷായിരുന്നു.

മീനങ്ങാടി സ്റ്റേഷനിലെ എ.എസ്‌.ഐ ഹരീഷ്, എസ്.സിപി.ഒ ഫിനു, സി.പി.ഒ മാരായ ഉനൈസ്,ഷെബീർ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘത്തിൽ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്ന് ജില്ലാ പൊലീസ്‌ മേധാവി ജി.പൂങ്കുഴലി അറിയിച്ചു.