കോഴിക്കോട് : മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി അടച്ചുപൂട്ടിയതിന്റെ 13ാം വാർഷികദിനത്തിൽ കോംട്രസ്റ്റിന് സമീപം സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സംഘടിത വ്യവസായമായി തുടക്കംകുറിച്ച കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ചരിത്ര പ്രധാനമായ സ്ഥാപനമാണെന്നും സംരക്ഷിക്കപ്പെടേണ്ടത് തൊഴിലാളികളുടെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. ബെക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ഉൾപ്പെടെ ബ്രിട്ടീഷുകാർ തുണിത്തരങ്ങൾ വാങ്ങിയിരുന്നത് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയിൽനിന്നായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. ഇവിടെ നിന്ന് നെയ്ത്ത് പഠിച്ചവരാണ് പിന്നീട് സംസ്ഥാനത്തിന്റെ പലസ്ഥലത്തും നെയ്ത്ത് വ്യവസായങ്ങൾ ആരംഭിച്ചത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടും ഫാക്ടറി തുറക്കാൻ കഴിയാത്തത് എന്തെന്ന് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ കെ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് ബഷീർ, പി.എസ്. ജയപ്രകാശ് കുമാർ, കെ.പി. സഹദേവൻ, പി. ശിവപ്രകാശ്, എം ഷാജി ജോസ് എ ബാലചന്ദ്രൻ, പി സജീവ് എന്നിവർ പ്രസംഗിച്ചു.