സുൽത്താൻ ബത്തേരി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് സുൽത്താൻ ബത്തേരിയിൽ വൻ സ്വീകരണം നൽകുമെന്ന് യു.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബത്തേരി മണ്ഡലത്തിന്റെ അതിർത്തി പ്രദേശമായ കൊളഗപ്പാറയിൽ വെച്ച് യാത്രയെ സ്വീകരിച്ച് യു.ഡി.വൈ.എഫ് പ്രവർത്തകർ ബൈക്ക് റാലിയുടെ അകമ്പടിയോടെ ബത്തേരിയിലേക്ക് ആനയിക്കും.
ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ നിന്ന് ജാഥാ നേതാക്കളായ രമേശ് ചെന്നിത്തല. പി.കെ.കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ.മുനീർ എന്നിവരെ യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് പ്രകടനമായി സമ്മേളന നഗറായ സ്വതന്ത്ര മൈതാനിയിലേക്ക് ആനയിക്കും.
വയനാട് മെഡിക്കൽ കോളേജ്, നിലമ്പൂർ -നഞ്ചൻകോട്-വയനാട് റെയിൽവേ, രാത്രിയാത്രാ നിരോധനം എന്നീ വിഷയങ്ങളിൽ സർക്കാറിന്റെ നിലപാടിനെതിരെ നേതാക്കൾ പ്രസംഗിക്കും.
എൻ.കെ.പ്രേമചന്ദ്രൻ, പി.ജെ.ജോസഫ്, സി.പി.ജോൺ, അനൂപ് ജേക്കബ്ബ്, എം.എം.ഹസൻ, മോൻസ് ജോസഫ്, എ.എ.അസീസ്, സി.ദേവരാജൻ, വി.ഡി.സതീശൻ, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളും സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാൻ കെ.കെ.അബ്രാഹം, എം.എസ്.വിശ്വനാഥൻ, എൻ.സി.കൃഷ്ണകുമാർ, നിസി അഹമ്മദ്, ബാബു പഴുപ്പത്തൂർ, പി.പി.അയ്യൂബ്, എം.എ.അസൈനാർ, ഉമ്മർ കുണ്ടാട്ടിൽ, കെ.എ.വർഗ്ഗീസ് എന്നിവർ സംസാരിച്ചു.