
പയ്യോളി: പയ്യോളി ഹയർസെക്കൻഡറി സ്കൂളിൽ ബിരിയാണി ഫെസ്റ്റിലൂടെ ആധുനിക ക്ലാസ് മുറികൾ ഒരുങ്ങുന്നു. കിഫ്‌ബി അനുവദിച്ച 3കോടി രൂപ ചെലവിൽ പണിയുന്ന നാല് നില കെട്ടിടത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ ഫർണിച്ചർ ഒരുക്കുന്നത് ഓരോ കുട്ടിക്കും പഠന സാമഗ്രികൾ സൂക്ഷിക്കാൻ സൗകര്യമൊരുക്കും. ഈ മാസം 14നാണ് ബിരിയാണി ഫെസ്റ്റ്. 200000 ബിരിയാണി ഫെസ്റ്റിൽ വിറ്റഴിക്കും. കേരളത്തിലെ വിദ്യാലയങ്ങളിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ക്ലാസ് മുറികളിൽ ബിരിയാണി ഫെസ്റ്റിലൂടെ ഫർണിച്ചർ ഒരുക്കുന്നത് ആദ്യമായിരിക്കും. 12ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടത്. കെട്ടിടോദ്ഘാ ടനത്തോടനുബന്ധിച്ച് ഫർണിച്ചറുകളും ക്രമീകരിക്കും. ഒരുനാൾ ഒരുകോടി പദ്ധതിയിൽ 1കോടി 40ലക്ഷം രൂപ സമാഹരിച്ച് പൊതു വിദ്യാലയങ്ങൾക്ക് മാതൃകയായ വിദ്യാലയം കൂടിയാണ് പയ്യോളി ഹൈസ്കൂൾ. ഈ തുക ഉപയോഗിച്ച് സയൻസ് ലാബടക്കം 17പദ്ധതികൾ പൂർത്തിയാക്കി. കൂട്ടുകാരിക്കൊരു വീട്. ഭിന്നശേഷിക്കുട്ടികൾക്ക് ആകാശയാത്ര, കൊവിഡ് കാലത്ത് 87കുട്ടികൾക്ക് മൊബൈൽ ഫോൺ എന്നിവയിലൂടെ മാതൃകയായ വിദ്യാലയം 2021കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ അവാർഡും നേടി.