കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റിയുടെ അഡ്ഹോക്ക് സമിതി തീരുമാനിച്ചു. വിവിധ ആക്ഷൻ കമ്മറ്റികളെ ഏകോപിപ്പിച്ചായിരിക്കും പ്രക്ഷോഭം.
ജില്ലയുടെ മധ്യഭാഗത്ത് ആവശ്യമായ സ്ഥലം ലഭ്യമായിരിക്കെ വയനാടിന്റെ മൂലയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നീക്കം ദുരൂഹമാണ്.
സർക്കാർ നിർദ്ദേശിച്ച കൊളവയലിലെ 65 ഏക്കർ സർക്കാർ ഭൂമി അടക്കം ഭൂമികൾ സന്ദർശിച്ച് അനുയോജ്യമായത് കണ്ടെത്താൻ കർമ്മസമിതിയുടെ നേതൃത്വത്തിൽ ജനകീയ കമ്മീഷനെ നിയോഗിക്കും. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കലക്ട്രേറ്റ് ധർണ നടത്തും.
കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ചെയർമാനായി ജോണി പാറ്റാനി, ജനറൽ കൺവീനറായി അഡ്വ.ടി .എം റഷീദ്,കോർഡിനേറ്ററായി റ്റിജി ചെറുതോട്ടിൽ, ട്രഷററായി കുഞ്ഞിരായിൻ ഹാജി എന്നിവരെ തിരഞ്ഞെടുത്തു. എൻ.കെ.റഷീദ്, അഡ്വ. സാദിഖ് നീലിക്കണ്ടി, പയന്തോത്ത് മൂസ, അഡ്വ.ജോഷി സിറിയക്, ഡോ. സെബാസ്റ്റ്യൻ, എം.എ.അസൈനാർ ,വാസുദേവൻ നായർ അഡ്വ.ഖാലിദ് രാജ എന്നിവർ പ്രസംഗിച്ചു.