yusuf-padanilam

കോഴിക്കോട്: കത്വ, ഉന്നാവോ പീഡനക്കേസുകളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാൻ മുസ്ലിം യൂത്ത് ലീഗ് സമാഹരിച്ച ഒരു കോടിയോളം രൂപ സംഘടനാ നേതാക്കൾ ദുരുപയോഗം ചെയ്തതായി ആരോപണം. ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർക്കെതിരെ ദേശീയ സെക്രട്ടറി യൂസഫ് പടനിലമാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപണമുന്നയിച്ചത്.

ധാർമ്മികതയില്ലാത്ത പ്രസ്ഥാനത്തിനൊപ്പം ഇനിയില്ലെന്നും എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയരെ സംരക്ഷിക്കുന്ന സമീപനമാണ് ലീഗ് നേതൃത്വത്തിന്റേത്. ഫണ്ട് തട്ടിപ്പിനെതിരെ വിജിലൻസിന് പരാതി നൽകുമെന്നും യൂസഫ് പറഞ്ഞു.

പള്ളികളിൽ നിന്ന് ഏകദിന ഫണ്ട് സമാഹരണത്തിലൂടെയും വിദേശ നാടുകളിൽ നിന്ന് പിരിവെടുത്തുമാണ് വൻതുക സ്വരൂപിച്ചത്. ഇതിന്റെ കണക്ക് ഇതുവരെ കമ്മിറ്റിയിൽ അവതരിപ്പിച്ചിട്ടില്ല. പി.കെ. ഫിറോസിന്റെ നേതൃത്വത്തിൽ 2019 ൽ സംഘടിപ്പിച്ച യുവജനയാത്രയ്ക്ക് വേണ്ടി ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ നൽകിയെന്ന് സി.കെ. സുബൈർ കമ്മിറ്റിയിൽ പറഞ്ഞിരുന്നു. ഫണ്ടിൽ നിന്നു അഞ്ചു പൈസ പോലും ഇരകളുടെ കുടുംബത്തിന് നൽകിയിട്ടില്ല. കേസ് നടത്തുന്നത് പഞ്ചാബ് മുസ്ലിം ഫെഡറേഷനാണ്.

നേരത്തേ, രോഹിത് വെമുലയുടെ കുടുംബത്തിന് വീട് നിർമ്മിക്കാൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി നൽകിയ പത്ത് ലക്ഷത്തിന്റെ ചെക്ക് മടങ്ങിയത് വിവാദമായായപ്പോൾ, മുഖം രക്ഷിക്കാൻ അഞ്ച് ലക്ഷം ഈ ഫണ്ടിൽ നിന്ന് നൽകിയെന്നാണ് പറയുന്നത്. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ രാജിവച്ചത് ക്രമക്കേടുകൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ്. ഗുജറാത്ത്, സുനാമി, റോഹിൻഗ്യൻ ഫണ്ടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ തുടർച്ചയാണിത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ യൂസഫ് പടനിലം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് ലീഗ് വിമതനായി എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ചിരുന്നു.