സുൽത്താൻ ബത്തേരി: നെൽകൃഷിയെ സ്‌നേഹിക്കുന്ന ഒരുപറ്റം കർഷകർ പുഞ്ചകൃഷിയുമായി രംഗത്ത്. വിശാലമായ വയലുകളുള്ള നൂൽപ്പുഴ പഞ്ചായത്തിലെ കണ്ണങ്കോടാണ് വിവിധ കർഷക സംഘങ്ങൾ ചേർന്ന് പുഞ്ചകൃഷിയിറക്കിയത്. കടുത്ത വേനലിൽ ജലസേചനം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് കൃഷിയോടുള്ള താൽപ്പര്യം കാരണം സ്വന്തം നിലയിൽ ജലസേചനം നടത്തി പുഞ്ചകൃഷിയിറക്കിയിരിക്കുന്നത്.
ജലസേചന സൗകര്യമില്ലാത്തതിനാൽ കൃഷിയിറക്കാൻ കഴിയാതിരുന്ന വയലുകളിലാണ് കർഷക സംഘങ്ങൾ വെള്ളമെത്തിച്ച് കൃഷിയിറക്കുന്നത്.

ഐശ്വര്യ കാർഷിക കർമ്മ സേനയും ധനശ്രീ കർഷക സംഘവും ചേർന്ന് നാല് ഏക്കർ വയൽ പാട്ടത്തിനെടുത്താണ് ഈ കൂട്ടായ്മയുടെ നെൽകൃഷി. ഇരു സംഘങ്ങളിലെയും 26 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്നാണ് നാട്ടിപ്പണി ഉൾപ്പെടെയുള്ള മുഴുവൻ കൃഷിപ്പണികളും ചെയ്തത്.

കൊവിഡിന്റെ പശ്ചത്തലത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. കണ്ണങ്കോട് പുഴയിലെ ചെക്ക് ഡാമിൽ നിന്ന് വെള്ളം വയലിലേക്ക് പമ്പ് ചെയ്താണ് കൃഷിക്ക് വേണ്ട വെള്ളം സംഭരിച്ചത്.

ഈ വർഷം നൂൽപ്പുഴ പഞ്ചായത്ത്, ബത്തേരി നഗരസഭ എന്നിവിടങ്ങളിലായി മുപ്പത് ഹെക്ടർ നിലത്തും നെന്മേനി പഞ്ചായത്തിൽ പതിനഞ്ച് ഹെക്ടർ സ്ഥലത്തും പുഞ്ചകൃഷി കൂടുതലായി ചെയ്യുന്നുണ്ട്. നെല്ലിന് താങ്ങുവില കൂടിയതും നേന്ത്രക്കായയ്ക്ക് വില കുത്തനെ കുറഞ്ഞതും ഒരു പരിധിവരെ കർഷകർ നെൽകൃഷിയിലേക്ക് തിരിയാൻ ഇടയാക്കി.

ഫോട്ടോ--പുഞ്ച
കണ്ണങ്കോട് പാടത്ത് പുഞ്ചകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർ