kk

വടകര: തൂണേരി സ്വദേശിയായ ചന്ദ്രിയുടെ ദീർഘകാലത്തെ ആവശ്യത്തിന് തുണയായി 'സാന്ത്വന സ്പർശം'. വിധവയായ ചന്ദ്രിക്ക് വികലാംഗനും ജന്മനാ ബധിരമൂകനുമായ ഇളയമകനായിരുന്നു കൂട്ട്. ആശ്രയമറ്റവർക്കുള്ള അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡിനുവേണ്ടി ഏറെനാളായി പരിശ്രമത്തിലായിരുന്നു.

ഭർത്താവിന്റെ മരണശേഷം ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ നീങ്ങുന്നതിനിടെയാണ് റേഷൻ കാർഡ് എ.എ.വൈ വിഭാഗത്തിലേക്ക് മാറ്റാൻ സർക്കാരിൽ അപേക്ഷ നൽകിയത്. ഈ ആവശ്യത്തിനാണ് അദാലത്തിലൂടെ പരിഹാരമായത്. മകനുമായി വേദിയിൽ കയറാൻ കഴിയാത്ത ചന്ദ്രിയുടെ അടുത്തേക്ക് മന്ത്രി കെ.ടി ജലീലെത്തി പരാതികൾ കേൾക്കുകയായിരുന്നു. അപേക്ഷ പരിശോധിച്ച ശേഷം എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യാഗസ്ഥർക്ക് നിർദ്ദേശവും നൽകി. ഒഞ്ചിയത്ത് നിന്ന് അദാലത്തിനെത്തിയ 82 കാരനായ നാണുവേട്ടൻ മടങ്ങിയതും നിറ മനസോടെ. 50 വർഷത്തിലധികം പഴക്കമുള്ള ഓടിട്ട വീട് പുതുക്കി പണിയാൻ സഹായവും സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ധനസഹായവും വേണമെന്ന നാണുവേട്ടന്റെ അപേക്ഷ പരിശോധിച്ച മന്ത്രി കെ ടി ജലീൽ 10,000 രൂപ ധനസഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി പരിഗണിക്കുകയും ചെയ്തു. ദീർഘകാലം തേങ്ങ ഉരിക്കൽ ജോലി ചെയ്തിരുന്ന നാണുവേട്ടന് നിവർന്നു നിൽക്കാൻ പോലും കഴിയാതെയാണ് അദാലത്തിന് എത്തിയത്. ഏറെക്കാലം തലച്ചുമട് പണിയെടുത്തിരുന്ന ഭാര്യക്ക് പരസഹായമില്ലാതെ നടക്കാൻ പറ്റാത്ത സ്ഥിതിയുമാണ്. അസുഖ ബാധിതരായതോടെ ഇരുവരുടെയും ജോലിക്ക് പോക്കും മുടങ്ങി. കൊവിഡ് കാലത്ത് മകന്റെ ജോലി പോയതിന്റെ സങ്കടം വേറെയും. അദാലത്ത് ആശ്വാസമായതിന്റെ സന്തോഷം ചന്ദിയെ പോലെ നാണുവേട്ടനെ പോലെ മറ്റ് പലരും പങ്കുവെച്ചു.