കോഴിക്കോട്: വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും ഇഴയടുപ്പത്തോടെ സമന്വയിപ്പിക്കാനായെന്നത് ഇടതുപക്ഷ സർക്കാരിന്റെ ഗണ്യമായ നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. വടകര ടൗൺഹാളിൽ സാന്ത്വനസ്പർശം അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരിക്കലും പ്രായോഗികമല്ലെന്ന് പറഞ്ഞ പല പദ്ധതികളും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. പുതിയ പാലങ്ങളും റോഡുകളും വന്നു. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പൊതുമരാമത്ത് റോഡുകൾ റബ്ബറൈസ് ചെയ്തു. വിദ്യാലയങ്ങൾക്ക് പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും തകർന്നടിഞ്ഞ ക്ലാസ് റൂമുകളും വൃത്തിഹീനമായ ചുറ്റുപാടുകളുമുണ്ടായിരുന്ന കാലം മാറി. പൊതുവിദ്യാലയങ്ങൾ ശാക്തീകരിച്ചതോടെ 6.75 ലക്ഷം വിദ്യാർത്ഥികളാണ് ഗവ. സ്‌കൂളുകളിലേക്ക് എത്തിയത്. സർക്കാർ ആശുപത്രികളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് കൊവിഡ് മഹാമാരിയെ നേരിട്ടത്. സർക്കാർ സംവിധാനത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് ബോദ്ധ്യപ്പെടുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. കൊവിഡ് ബാധിച്ചവരെ രോഗമുക്തരാക്കി നിറഞ്ഞ ചിരിയോടെയാണ് യാത്രയാക്കിയത്. ലോകചരിത്രത്തിൽ തന്നെ തങ്കലിപികളിലെഴുതേണ്ട ഇടപെടലാണ് ഇക്കാര്യത്തിൽ സർക്കാർ നടത്തിയത്. സർക്കാരിന്റെ ക്ഷേമ പെൻഷൻ 60. 31 ലക്ഷം പേർക്ക് വീടുകളിലെത്തുന്നു. കൊവിഡ് കാലത്ത് തുടങ്ങിവെച്ച ഭക്ഷ്യക്കിറ്റ് വിതരണം ഇപ്പോഴും തുടരുന്നു. കോടികൾ മുടക്കി എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചവർക്കുള്ള മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞു. ഇ.കെ വിജയൻ എം.എൽ.എ, ജില്ലാ കളക്ടർ എസ്.സാംബശിവ റാവു, ഡി.ഡി.സി അനുപം മിശ്ര, അദാലത്ത് നോഡൽ ഓഫീസറായ അസി. കളക്ടർ ശ്രീധന്യ സുരേഷ്, എ.ഡി.എം എൻ.പ്രേമചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർമാരായ ഇ.അനിതകുമാരി, എൻ.റംല, നഗരസഭ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, വടകര തഹസിൽദാർ കെ.കെ. പ്രസിൽ തുടങ്ങിയവർ സംബന്ധിച്ചു.