
കോഴിക്കോട്: ഇലക്ട്രോണിക് ഗാഡ്‌ജറ്റ് റിപ്പയറിംഗ് രംഗത്ത് സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്താൻ മൈജി സൗജന്യ ടെക്‌നിക്കൽ സ്കിൽ ഡവലപ്മെന്റ് പരിശീലനം ഒരുക്കുന്നു.
വനിതാ ദിനമായ മാർച്ച് എട്ടിന് 15പേരടങ്ങിയ ആദ്യബാച്ചിന്റെ പരിശീലനം ആരംഭിക്കുമെന്ന് മൈജി ഓപ്പറേഷൻസ് ജനറൽ മാനേജർ എം. രാജേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ കീഴിലാണ് പരിശീലനം. ഒരു വർഷം നീളുന്ന പരിശീലനത്തിന് ശേഷം മൈജി ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്റുകളിൽ ജോലി ലഭ്യമാക്കും.
മൂന്ന് വർഷത്തെ ഡിപ്ലോമ, ഐ.ടി.ഐ, ഇലക്ട്രോണിക്‌സ് മുഖ്യവിഷയമായുള്ള വി.എച്ച്.എസ്.ഇ എന്നിങ്ങനെ ഏതെങ്കിലുംയോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം (ലിങ്ക്: https://www.myg.in/women-empowerment-programme). പ്രായം 18നും 30നും മദ്ധ്യേ.
സർഫസ് മൗണ്ട് ടെക്‌നോളജി, മൊബൈൽ ഫോൺ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഏതാണ്ട് ഒരു ലക്ഷം രൂപ ചെലവ് വരുന്ന പരിശീലനമാണ് സൗജന്യമായി നൽകുന്നത്.
സ്ത്രീകൾക്ക് മാത്രമായുള്ള ഷോറൂമുകളും ഗാഡ്‌ജറ്റ് റിപ്പയറിംഗ് സെന്ററും ഈ പദ്ധതിയുടെ ഭാഗമായുണ്ടാവും. കോഴിക്കോട്ടാകും ആദ്യസംരംഭം. വാർത്താസമ്മേളനത്തിൽ പി.ആർ ലാൽസരാജ് , കെ. മഞ്ജു, കെ.എസ് സംഗീത എന്നിവരും സംബന്ധിച്ചു.