കോഴിക്കോട് : കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന ഹൃസ്വകാല ത്രിഭാഷാ സർട്ടിഫിക്കറ്റ് കോഴ്‌സ് അഞ്ചാം ബാച്ചിലേക്കുള്ള രജിസ്ട്രഷൻ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ പി.വി.ശാസ്ത പ്രസാദ്, വി.എം.ബാലചന്ദ്രൻ, സി.ഗോവിന്ദൻ, അഞ്ജലി.പി.കെ, ഷമിത കുമാരി, റീഷ്മജ.കെ.ടി.കെ, ഒ.എം.ബാലൻ, തുടങ്ങിയവർ പങ്കെടുത്തു. ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, പച്ച മലയാളം എന്നീ കോഴ്‌സുകളിലേക്ക് കുറഞ്ഞത് എട്ടാം തരം വിദ്യാഭ്യഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാല് മാസത്തിനുള്ളിൽ 60 മണിക്കൂറുകൾ കൊണ്ട് പഠനം പൂർത്തിയാക്കി ഗവ.അംഗീകൃത സർട്ടിഫിക്കറ്റ് നേടാം. എട്ടാം തരം മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും തുല്യതാ പഠിതാക്കൾക്കും ഫീസ് ഇളവ് അനുവദിക്കും. സമ്പർക്ക പഠന ക്ലാസ്സുകൾ ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സമ്പർക്ക പഠന കേന്ദ്രങ്ങളിൽ നടക്കും.