ജില്ലയിലെ സമാപനം ഇന്ന് വൈകിട്ട് ബീച്ചിൽ
മുഖ്യാതിഥി ഡി.കെ. ശിവകുമാർ
അടിവാരം/തിരുവമ്പാടി : 'സംശുദ്ധം സദ്ഭരണം" എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്നലെ ജില്ലയിൽ പ്രവേശിച്ചു. അതിർത്തിയായ അടിവാരത്തും തിരുവമ്പാടിയിലെയും താമരശ്ശേരിയിലെയും സ്വീകരണ കേന്ദ്രങ്ങളിലും ഉജ്ജ്വല വരവേല്പായിരുന്നു യാത്രയ്ക്ക്.
വൈകിട്ട് ആറരയോടെ അടിവാരത്തെത്തിയ യാത്രയെ വരവേൽക്കാൻ യുഡി.എഫ് ജില്ലാ നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. എം.കെരാഘവൻ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ, കൺവീനർ എം.എ റസാഖ്, പാറക്കൽ അബ്ദുല്ല എം.എൽ.എ, കെ.പി.അനിൽകുമാർ, വി.എസ് ജോയ്,എന്‍ സുബ്രഹ്മണ്യൻ, ഉഷാദേവി, ഡോ.ഹരിപ്രിയ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജില്ല ഭാരവാഹികളായ എൻ.സി അബൂബക്കർ, എസ്.പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കൽ, നാസർ എസ്റ്റേറ്റ് മുക്ക്, വി.കെ ഹുസൈൻകുട്ടി, റഷീദ് വെങ്ങളം,കെ.വി അബ്ദുറഹ്‌മാൻ, സി.കെ.വി യൂസഫ് എന്നിവർ നേതൃത്വം നൽകി. ജാഥാനായകനെ ഹാരാർപ്പണം ചെയ്ത് പ്രഥമ സ്വീകരണ കേന്ദ്രമായ തിരുവമ്പാടിയിലേക്ക് ആനയിക്കുകയായിരുന്നു. തിരുവമ്പാടിയിലെന്ന പോലെ താമരശ്ശേരിയിലും നൂറു കണക്കിന് പ്രവർത്തകർ അത്യാവേശത്തോടെയാണ് ജാഥാനായകനെ വരവേറ്റത്.
ഇന്ന് രാവിലെ പത്തിന് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്വീകരണം പേരാമ്പ്രയിലും നാദാപുരം മണ്ഡലത്തിലെ സ്വീകരണം 11ന് തൊട്ടിൽപാലത്തുമാണ്. തുടർന്ന് കുറ്റ്യാടി നിലേച്ച് കുന്ന്, ആയഞ്ചേരി വഴി കുറ്റ്യാടി മണ്ഡലത്തിൽ എത്തുന്ന ജാഥയ്ക്ക് രണ്ടു മണിയ്ക്ക് തിരുവള്ളൂരിൽ സ്വീകരണം നൽകും. വടകര മണ്ഡലത്തിലെ സ്വീകരണം മൂന്ന് മണിക്ക് വടകരയിലും കൊയിലാണ്ടി മണ്ഡലത്തിലെ സ്വീകരണം നാലു മണിയ്ക്ക് കൊയിലാണ്ടിയിലും നൽകും.
അഞ്ച് മണിയ്ക്ക് ജാഥ ബീച്ചിൽ പ്രവേശിക്കും. തുടർന്ന് ബാലുശ്ശേരി, എലത്തൂർ.കുന്ദമംഗലം, കോഴിക്കോട് സൗത്ത്, നോർത്ത്, ബേപ്പൂർ മണ്ഡലത്തിലെ പ്രവർത്തകർ ജാഥയോടൊപ്പം ചേരും. ബീച്ചിലെ പൊതുസമ്മേളനം
മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കർണ്ണാടക പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായിരിക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ശശി തരൂർ, കെ. മുരളീധരൻ, എം.കെ. രാഘവൻ, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീർ എം.എൽ.എ, കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.