റബ്ബറിന്റെ വിലസ്ഥിരതാ നിരക്ക് 250 രൂപയാക്കും
കോഴിക്കോട് : യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഐശ്വര്യ കേരള യാത്രയ്ക്ക് തിരുവമ്പാടിയിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോരങ്ങളിൽ ഒരു ഭാഗത്ത് വന്യജീവി ശല്യം ഏറിവരുമ്പോൾ മറുഭാഗത്ത് കർഷകരോടുള്ള വനപാലകരുടെ ക്രൂരതയും കൂടുകയാണ്. ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ജപ്തിഭീഷണി മൂലം 17 കർഷകരാണ് ആത്മഹത്യ ചെയ്തത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ കർഷക ജനതയുടെ നട്ടെല്ലൊടിക്കമ്പോൾ കേരളത്തിൽ പിണറായി സർക്കാരും അവരുടെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുകയാണ്. മോദിയെ എതിർക്കാൻ ഇന്ന് രാഹുൽ ഗാന്ധി മാത്രമേ ഉള്ളൂ. കോൺഗ്രസിനെ ദുർബലപ്പെടുത്തുകയാണ് ബി.ജെ.പി.യുടെ സി.പി.എമ്മിന്റെയും പ്രധാന ലക്ഷ്യം. സ്വർണക്കടത്ത് കേസുൾപ്പെടെ ഇവർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഒരു കിലോ റബ്ബറിന്റെ വിലസ്ഥിരതാ നിരക്ക് 250 രൂപയായി വർദ്ധിപ്പിക്കും. ആറു വർഷമായി 150 രൂപയിൽ നിൽക്കുകയാണിത്. റബ്ബർ കർഷകരെ ഉൾപ്പെടെ സഹായിക്കാൻ എൽ.ഡി.എഫ് സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിരുവമ്പാടിയിലെ സ്വീകരണയോഗം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു. സി.പി. ചെറിയ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, പി.ജെ.ജോസഫ്, സി.പി. ജോൺ, ജി. ദേവരാജൻ, ജോണി നെല്ലൂർ, അഡ്വ. ടി. സിദ്ദിഖ്, ബാബു പ്രസാദ്, ലതിക സുഭാഷ് എന്നിവർ പങ്കെടുത്തു.
ജില്ലാ അതിർത്തിയായ അടിവാരത്ത് നേതാക്കളും പ്രവർത്തകരും രമേശ് ചെന്നിത്തലയ്ക്ക് വൻ വരവേൽപ്പ് നൽകി. എം .കെ. രാഘവൻ എം.പി, ഉമ്മർ പാണ്ടികശാല, സി എൻ വിജയ കൃഷ്ണൻ , പി എം ജോർജ്ജ്, വി എം ഉമ്മർ, എൻ സുബ്രഹ്മണ്യൻ, കെ.പി. അനിൽകുമാർ, പി.എം. നിയാസ്, കെ. പ്രവീൺകുമാർ, കെ.സി അബു, ഡി.സി.സി. പ്രസിഡന്റ് യു രാജീവൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കൺവീനർ എം.എ. റസാഖ്, പി. ഉഷാദേവി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.