photo
ചാടിപ്പോയ പ്രതി മുഹമ്മദ് ഷറീസ്

ബാലുശ്ശേരി: കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ടു പേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റു ചെയ്തെങ്കിലും ഒരാൾ സ്റ്റേഷനിൽ നിന്നും ചാടിപ്പോയി. പേരാമ്പ്ര സ്വദേശികളായ ആവളെ ചെറുവട്ട് കുന്നത്ത് മുഹമ്മദ് ഹർഷാദ് (23) ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ പൈതോത്ത് റോഡിൽ കൈപ്പാക്കണ്ടി (കുനിയിൽ) മുഹമ്മദ് സറീഷ് (24) എന്നിവരെയാണ് ബാലുശ്ശേരി എസ് ഐ. കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇതിൽ മുഹമ്മദ് ഷറീസാണ് ചാടിപ്പോയത്. വെളിച്ചം കുറവുള്ള തിനാൽ സ്റ്റേഷൻ്റെ അകത്തു നിന്ന് മുറ്റത്തേക്ക് കൊണ്ട് വന്ന് മജിസ്ട്രേട്ടുമായി വീഡിയോ കോൺഫറൻസ് നടത്തുന്നതിനായി പൊലീസ് ഒരുങ്ങുന്നതിനിടയിലാണ് ഇന്നലെ രാത്രി ഏഴരയോടെ പ്രതി ചാടിപ്പോയത്. പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ഇന്നലെ രാവിലെ പതിവ് പരിശോധനയ്ക്കിടെ കാട്ടാംവള്ളിയ്ക്കു സമീപത്തു നിന്നാണ് യുവാക്കൾ പിടിയിലായത്. ബാലുശ്ശേരി പോലീസ് സ്റ്റേഷനു മുന്നിലൂടെ അമിതവേഗതയിൽ കടന്നു പോയ മാരുതി ആൾട്ടോ കാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ പൊലീസ് തടഞ്ഞു പരിശോധിച്ചപ്പോൾ പ്രതികൾ കുടുങ്ങുകയായിരുന്നു. കാറിന്റെ പിൻ ഭാഗത്ത് രണ്ടു പാെതികളിലായി ഒളിപ്പിച്ച നിലയിലാണ് 4.200 കി.ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത പോലീസ് ബാലുശ്ശേരി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച ആൾട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ പ്രതികൾ കാർ വാടകക്കെടുത്ത് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന ശൃംഖലയിലെ കണ്ണികളാണെന്ന് സൂചനയുള്ളതായും കേസിൽ മറ്റു പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരുന്നതായും താമരശ്ശേരി ഡിവൈഎസ് പി പൃഥിരാജ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനായി പേരാമ്പ്രയിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. ഇരുവർക്കുമെതിരെ എറണാകുളം ജില്ലയിലെ ആലുവ, ബിനാനിപുരം പോലീസ് സ്റ്റേഷനുകളിൽ മോഷണം,പിടിച്ചുപറി തുടങ്ങിയ കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
പരിശോധനയിൽ എസ് ഐ പ്രജീഷിനു പുറമെ എ എസ് ഐമാരായ പൃഥിരാജ്, അഷ്റഫ്, റിനീഷ്, സി പി ഒ മാരായ രതീഷ് ,സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.