കോഴിക്കോട്: പുഴയിൽ വലയെറിഞ്ഞപ്പോൾ കിട്ടിയ മീനുകൾക്കിടയിൽ കടലിൽ നിന്നുള്ള അപൂർവ അതിഥിയും!. പവിഴപ്പുറ്റുകൾക്കിടയിലും മറ്റുമായി കാണപ്പെടുന്ന ലയൺ ഫിഷാണ് കൊമ്പുകളുള്ള ഈ വിരുന്നുകാരി. ഫിഷ് ടാങ്കിലേക്ക് മാറ്റിയ വർണവരകൾ നിറഞ്ഞ മത്സ്യം കാണാൻ ചാലിയാർ തീരത്തെ പെരുവൺമാടേക്ക് ആളുകളുടെ ഒഴുക്കാണ്.
കഴിഞ്ഞ ദിവസം രാത്രി തോണിയിൽ പുഴയിലിറങ്ങിയ കരുവൻതുരുത്തിയിലെ മുഹമ്മദലിയും റിയാസും വലയിൽ കുടുങ്ങിയ മീനുകൾ മാറ്റുന്നതിനിടയിലാണ് കൊമ്പുകാരിയെ കാണുന്നത്. കൗതുകത്തോടെ എടുത്തുനോക്കുന്നതിനിടയിൽ മുഹമ്മദലിയ്ക്ക് കൊമ്പും കൊണ്ടു. കരയിലെത്തി പിറ്റേന്ന് കൂട്ടക്കാരെയൊക്കെ കാണിച്ചപ്പോഴും പിടികിട്ടിയില്ല ഇതാരെന്ന്. പ്രദേശവാസികളിൽ ചിലർ അറിയില്ലെന്ന് യൂട്യൂബിൽ തിരഞ്ഞതോടെയാണ് ഇനം ലയൺ ഫിഷാണെന്ന് തിരിച്ചറിഞ്ഞത്. കൊമ്പുകളിൽ മോശമല്ലാത്ത വിഷമുണ്ടെന്നും മനസ്സിലായി. അതോടെ മുഹമ്മദലി ആശുപത്രിയിൽ ചികിത്സ തേടി. അലങ്കാര മത്സ്യങ്ങൾ വളർത്തുന്ന പലരും പറയുന്ന വിലയ്ക്ക് ലയൺ ഫിഷ് വാങ്ങാൻ തയ്യാറായി എത്തുന്നുണ്ട്. പക്ഷേ, ആർക്കും കൊടുക്കാൻ ഇരുവരും തയ്യാറല്ല.
ലയൺ ഫിഷ്
വിഷമുള്ള മത്സ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഉഗ്രരൂപിയാണ് കാഴ്ചയിൽ ചന്തം തികഞ്ഞ ലയൺ ഫിഷ്. റ്റെറോയ്‌സ്, ഫയർ ഫിഷ്, ടർക്കി ഫിഷ് എന്നും ഇവയെ വിളിക്കാറുണ്ട്. പവിഴപ്പുറ്റുകളുടെ സമീപത്തും പാറകളിലെ വിള്ളലുകളിലുമാണ് വാസം. ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളിലായി കൂർത്ത കൊമ്പ് പോലെയാണ് ചിറകുകൾ. ഇവയ്ക്ക് മൂർച്ച മാത്രമല്ല, വിഷവുമുണ്ട്. സ്വയം പ്രതിരോധിക്കാൻ വേണ്ടി മാത്രമാണ് വിഷപ്രയോഗം. ചെറിയ മീനുകളും ഷഡ്പദങ്ങൾ പോലുള്ള ജീവികളുമാണ് ലയൺഫിഷിന്റെ ആഹാരം. ചില രാജ്യങ്ങളിൽ ഇവ ഭക്ഷ്യവസ്തുവാണെങ്കിലും മറ്റിടങ്ങളിലൊക്കെയും അലങ്കാര മത്സ്യങ്ങളുടെ നിരയിലാണ് സ്ഥാനം.