
കൊയിലാണ്ടി: സപ്ലൈകോ വൈകാതെ ഓൺലൈൻ വ്യാപാര മേഖലയിലേക്ക് പ്രവേശിക്കുമെന്ന് ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ വ്യക്തമാക്കി.
നവീകരിച്ച തുറയൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റ് വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം പൊതുവിതരണ രംഗത്ത് ഒട്ടേറെ മാറ്റങ്ങളാണ് നടപ്പാക്കിയത്. മാവേലി സ്റ്റോർ, സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള മാറ്റങ്ങളുണ്ടായി. സപ്ലൈകോ മുഖേന വിപണനം ചെയ്യുന്ന 14 സബ്‌സിഡി ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കില്ലെന്ന സർക്കാർ ലക്ഷ്യം നടപ്പിലാക്കാനായതായും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 38 പഞ്ചായത്തുകളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ ഉണ്ടായിരുന്നില്ല. ഇതിൽ ഇനി ഏഴ് പഞ്ചായത്തുകളിൽ മാത്രമെ സപ്ലൈകോ സൂപ്പർ സ്റ്റോറുകൾ തുറക്കാനുള്ളൂ. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് ഇവിടെയും ആരംഭിക്കുന്നതോടെ പൊതുവിതരണ മേഖലയുടെ എല്ലാ ആനുകൂല്യങ്ങളും കേരളം മുഴുവൻ ഉറപ്പു വരുത്തകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കൾക്ക് അവശ്യവസ്തുക്കൾ കമ്പോള വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാദേശികമായിഒരുക്കിയ ചടങ്ങിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി ബാലൻ, വാർഡ് മെമ്പർ യു.സി ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.