
കോഴിക്കോട്: കത്വ, ഉന്നാവോ പീഡനക്കേസുകളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഫണ്ട് വക മാറ്റിയിട്ടില്ലെന്നും, എല്ലാ കണക്കുകളും സുതാര്യമാണെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗമെന്ന് അവകാശപ്പെട്ട് ആരോപണമുന്നയിച്ചത്. ഒരു കോടിയോളം രൂപയുടെ ഫണ്ട് പിരിച്ചെന്നത് പച്ചക്കള്ളമാണ്. 39,33,697 രൂപയാണ് അക്കൗണ്ടിലേക്ക് വന്നത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചിൽ ആർക്കും ഇത് പരിശോധിക്കാം. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ യുവജന യാത്രയുടെ കടം വീട്ടാൻ 15 ലക്ഷം രൂപ നൽകിയെന്നതും വാസ്തവ വിരുദ്ധമാണ്.
കത്വ ഇരയുടെ പിതാവിനും ഉന്നാവോ ഇരയുടെ മാതാവിനും അസൻസോർ ഇമാമിനും അഞ്ച് ലക്ഷം വീതം നൽകി. കത്വ കേസിന്റെ അഭിഭാഷകർക്ക് 9. 35 ലക്ഷവും മുഹമ്മദ് ഉന്നാവോയ്ക്ക് 25,000 രൂപയും നൽകി. ഫണ്ടിൽ 14,73,697 രൂപ ബാക്കിയുണ്ട്. ഫണ്ട് പിരിച്ചത് ദേശീയ കമ്മിറ്റിയാണ്. ഇതുമായി ബന്ധമില്ലാത്ത പി.കെ. ഫിറോസിനെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നിൽ മന്ത്രി കെ.ടി. ജലീലിന്റെ തിരക്കഥയുണ്ട്. സംഭവം അന്വേഷിക്കുമെന്നാണ് മന്ത്രി ജലീൽ പറഞ്ഞത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ ജലീൽ മാപ്പ് പറയുമോ?.-സുബൈർ ചോദിച്ചു.
കണക്കുകളിൽ നേരത്തേ ആശയക്കുഴപ്പം തോന്നിയതു കൊണ്ടാണ് അക്കാര്യം സൂചിപ്പിച്ചതെന്നും പിന്നീട് ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ വിശദീകരണത്തോടെ അത് തീർന്നെന്നും വൈസ് പ്രസിഡന്റ് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ പറഞ്ഞു.