kunnamangalam-news
ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കുന്ദമംഗലം പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ പെരിങ്ങൊളം റോഡിൽനിന്നുള്ള ദൃശ്യം

കുന്ദമംഗലം: പെരിങ്ങൊളം റോഡിൽ ആധുനിക സൗകര്യങ്ങളോടെ പണിതീർത്ത കുന്ദമംഗലം മാതൃകാ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.49 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ് ഹൈടെക് കെട്ടിടം.

നൂറു വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്.

കുന്ദമംഗലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഇതേ കെട്ടിടത്തിലാണ്. അസൗകര്യങ്ങൾക്ക്

നടുവിൽ വീർപ്പുമുട്ടുന്ന സ്റ്റേഷനെന്ന പോലെ കോടതിയ്ക്കും പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഏറെ ആശ്വാസമാവും.

ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച 1 കോടി രൂപയുടെ കോടതി കെട്ടിട നവീകരണ പ്രവൃത്തി ആരംഭിക്കണമെങ്കിൽ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റേണ്ടതുണ്ട്. നൂറ് വർഷത്തെ പഴക്കമുള്ള കോടതി കെട്ടിടത്തിന്റെ ചരിത്രപ്രാധാന്യം

പരിഗണിച്ച് പഴമയുടെ പ്രൗഢി നഷ്ടപ്പെടുത്താതെയായിരിക്കും നവീകരണം.

കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂർ റോഡിൽ ആഭ്യന്തര വകുപ്പിന്റെ കൈവശത്തിലുള്ള ഒന്നര ഏക്കർ സ്ഥലത്ത് 6500 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി കരാർ എടുത്തത്. എൻ.ഐ.ടി ആർക്കിടെക്ചറൽ വിംഗ് തയ്യാറാക്കിയ പ്ലാൻ പ്രകാരം നിർമ്മിച്ച കെട്ടിടം എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ്. 95 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടത്തിലേക്ക് നിർമ്മിക്കുന്ന റോഡിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.