adalath
മാസ്‌കുണ്ട്; അകലമില്ല... കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ സാന്ത്വനസ്പർശം അദാലത്തിനെത്തിയവർ തിങ്ങിനിറഞ്ഞ് ഇരുന്നപ്പോൾ

 കോഴിക്കോട്ട് മാത്രം 4,387 അപേക്ഷകൾ

കോഴിക്കോട്: ആയിരങ്ങൾക്ക് ആശ്വാസം പകർന്ന സാന്ത്വനസ്‌പർശം അദാലത്തുകൾക്ക് സമാപനമായി. ജില്ലയിൽ മൂന്ന് ദിവസങ്ങളിലായി മൂന്നിടത്ത് ഒരുക്കിയ അദാലത്തുകളിൽ ആകെ 9,164 അപേക്ഷകളാണ് പരിഗണിച്ചത്. തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ എന്നിവരാണ് പരാതികൾ കേട്ടത്.

താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലെ അപേക്ഷകൾ പരിഗണിക്കാനായി ഇന്നലെ ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിച്ച അദാലത്ത് മന്ത്രി ടി. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒന്ന്, രണ്ട് തിയ്യതികളിലായി കൊയിലാണ്ടി, വടകര താലൂക്കുകളിലെ അദാലത്ത് പൂർത്തിയാക്കിയിരുന്നു.
പരാതികളിൽ ഏറിയ പങ്കിനും അദാലത്ത് കേന്ദ്രങ്ങളിൽ തന്നെ പരിഹാരമായതായി മന്ത്രി രാമകൃഷ്ണൻ പറഞ്ഞു. പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ അദാലത്ത് ആസൂത്രണം ചെയ്യാൻ കഴിഞ്ഞു. പരിഗണിച്ചവയിലേറെയും പുതിയ പരാതികളാണ്. പഴയ പരാതികളിലേറെയും നേരത്തെ തന്നെ ഉദ്യോഗസ്ഥർക്ക് പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

അദാലത്തിന്റെ വിജയത്തിന് ഉദ്യോഗസ്ഥർ ആത്മാർത്ഥമായി പ്രവർത്തിച്ചതായി മന്ത്രി ഡോ. കെ ടി ജലീൽ പറഞ്ഞു. വീട്, പട്ടയം, റേഷൻ കാർഡ്, ബാങ്ക് വായ്പ തിരിച്ചടവ്, ക്ഷേമപെൻഷൻ, ചികിത്സാസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളായിരുന്നു കൂടുതലും.

ഇന്നലെ ടാഗോർ സെന്റിനറിഹാളിൽ നടന്ന അദാലത്തിൽ 4,387 അപേക്ഷകളാണ് പരിഗണിച്ചത്. കോഴിക്കോട് താലൂക്കിൽ 3,308 പേരും താമരശ്ശേരി താലൂക്കിൽ നിന്ന് 741 പേരും അപേക്ഷകളുമായെത്തി. കൊയിലാണ്ടിയിൽ പരിഗണിച്ചത് 1,352 പരാതികളാണ്. വടകരയിൽ 3425 അപേക്ഷകളും. വേദിയിലേക്കെത്താൻ കഴിയാതെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് അരികിലേക്ക് നേരിട്ടെത്തി പരാതികൾ സ്വീകരിക്കുകയായിരുന്നു.

വിവിധ വകുപ്പുകളുടെ കൗണ്ടറുകളിലായിരുന്നു ആദ്യഘട്ട പരിശോധന. ഇതിൽ ഉന്നതതല നടപടി ആവശ്യമായ പരാതികളാണ് മന്ത്രിമാരുടെ മുന്നിലേക്കെത്തിയത്. എം.എൽ.എ.മാരായ കെ.ദാസൻ, ഇ.കെ.വിജയൻ, പുരുഷൻ കടലുണ്ടി, വി.കെ.സി. മമ്മദ്‌കോയ, കാരാട്ട് റസാഖ്, പി.ടി.എ.റഹിം, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രണബ്കുമാർ ജ്യോതി, കളക്ടർ സാംബശിവറാവു, ഡി.ഡി.സി അനുപം മിശ്ര, അദാലത്ത് നോഡൽ ഓഫീസറായ അസി. കളക്ടർ ശ്രീധന്യ സുരേഷ്, എ.ഡി.എം. എൻ. പ്രേമചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർമാരായ ഇ. അനിതകുമാരി, എൻ.റംല, തഹസിൽദാർമാരായ കെ.കെ. പ്രസിൽ, സി.പി മണി, കെ.ഗോകുൽദാസ്, സി. സുബൈർ തുടങ്ങിയവർ പങ്കെടുത്തു.