കൽപ്പറ്റ: വയനാടിന്റെ ജനപ്രീതി നേടിയ ജില്ലാ കളക്ടർ ആയിരുന്ന വിശ്വാസ്‌മേത്ത ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക തിരക്കുകൾക്കിടയിലും ഈ നാടിനെ കാണാനെത്തി. ജില്ലയുടെ എല്ലാ കോണുകളിലും തുടങ്ങിവെച്ച ഒട്ടേറെ സംരംഭങ്ങളെയും ജനങ്ങളെയും ആദിവാസി വിഭാഗങ്ങളെയെല്ലാം നേരിട്ട് കണ്ടും കുശലാന്വേഷണം നടത്തിയുമായിരുന്നു ഈ മാസം ഒദ്യോഗിക പദവിയിൽ നിന്നു വിരമിക്കുന്ന അദ്ദേഹത്തിന്റെ യാത്ര. കനത്ത മഴയും തണുപ്പുമെല്ലാമുണ്ടായിരുന്ന വയനാടിന്റെ പഴയകാലത്തെ ചീഫ് സെക്രട്ടറി വിവരിച്ചു.
അടിമവേലയിൽ നിന്ന് ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലിയിലെ പ്രിയദർശിനി എസ്റ്റേറ്റ് ടീ കൗണ്ടിയിലായിരുന്നു ആദ്യമെത്തിയത്. ഈ സംരംഭത്തിന്റെ വികാസത്തിനും ആസൂത്രണത്തിനും പിന്നിൽ അന്ന് സബ്കളക്ടറും പിന്നീട് ജില്ലാ കളക്ടറായ വിശ്വസമേത്തയുടെ ഇടപെടലായിരുന്നു.
വിശ്വാസ് മേത്തയുടെ പേര് നൽകിയ വ്യൂപോയിന്റിൽ അദ്ദേഹം എത്തി.
ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിനും ആരോഗ്യ ഉപകേന്ദ്രങ്ങളുടെ വ്യാപനത്തിനും ഒട്ടേറെ മാർഗ്ഗ നിർദ്ദേശങ്ങൾ വിശ്വാസ് മേത്ത നൽകിയിരുന്നു.
1987 ൽ കൊല്ലം ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായാണ് കേരളത്തിൽ വിശ്വാസ് മേത്ത ഔദ്യോഗിക ജീവിതം തുടങ്ങിയത്.1988 ഒക്ടോബർ മുതൽ 1991 ജനുവരി വരെ വയനാട് ജില്ലയിൽ മാനന്തവാടി അസിസ്റ്റന്റ് കളക്ടറായി നിയമിതനായി. 1994 ഡിസംബറിൽ വയനാട് ജില്ലാ കളക്ടറായി തിരിച്ചെത്തി. 1996 നവംബർ വരെയാണ് ഇവിടെയുണ്ടായിരുന്നു. പിന്നീട് ഒട്ടേറെ ഉന്നത പദവിയിലിരുന്ന അദ്ദേഹം ചീഫ് സെക്രട്ടറിയുമായി.
വയനാട് സന്ദർശന വേളയിൽ ഭാര്യ പ്രീത മേത്തയും ഒപ്പമുണ്ടായിരുന്നു. പ്രിയദർശനിയിലെ തൊഴിലാളികളും, കളക്ട്രേറ്റിലും അദ്ദേഹത്തിന് സ്വീകരണം നൽകി. പഴയ ക്യാമ്പ് ഹൗസ് അടക്കം സന്ദർശിച്ചാണ് മടങ്ങിയത്.
ചിത്രം
1. പ്രീയദർശിനി എസ്റ്റേറ്റിൽ തൊഴിലാളികൾക്കൊപ്പം വിശ്വാസ്‌മേത്ത
2. എസ്റ്റേറ്റ് തൊഴിലാളികൾ പഴയകാല ചിത്രങ്ങൾ വിശ്വാസ്‌മേത്തയ്ക്ക് നൽകുന്നു
3. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള ചീഫ് സെക്രട്ടറി വിശ്വാസ്‌മേത്തയെ സ്വീകരിക്കുന്നു