q
കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന സാന്ത്വനസ്പർശം അദാലത്ത് വേദിയിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ചെറുകുളത്തൂർ സ്വദേശി ആതിരയുടെ അടുത്തെത്തി അപേക്ഷ കേൾക്കുന്നു

കോഴിക്കോട്: വർഷങ്ങളായി തകർന്ന് കിടക്കുന്ന വീടിന് പകരം ചേളന്നൂർ സ്വദേശിനി കാർത്തിയമ്മക്ക് ലൈഫ് പദ്ധതിയിൽ വീട് ലഭിക്കും. സാന്ത്വന സ്പർശം അദാലത്തിൽ മന്ത്രി കെ.ടി ജലീലിനരികിലേക്ക് തകർന്ന വീടിന്റെ ചിത്രങ്ങളും പുതിയ വീട് ലഭിക്കാനുള്ള അപേക്ഷയുമായാണ് കൊച്ചുമകന്റെ കൈ പിടിച്ച് 75 കാരി കാർത്തിയമ്മ എത്തിയത്. ഇവർക്ക് പറയാനുള്ളത് ശ്രദ്ധാപൂർവം കേട്ട മന്ത്രി നടപടി സ്വീകരിക്കാൻ ചേളന്നൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാനാണ് നിർദേശം. പല തവണ വീടിന് അപേക്ഷ നൽകിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല. സർക്കാരിന്റെ ക്ഷേമപെൻഷനാണ് ഏക വരുമാനം. മകൾക്കൊപ്പമാണ് ജീവിതം. മരിക്കുന്നതിന് മുൻപ് നല്ലൊരു വീട്ടിൽ കിടക്കണമെന്ന ആഗ്രഹമേ ഉള്ളു. മന്ത്രി വീട് തരാമെന്ന് പറഞ്ഞിട്ടുണ്ട്. കാർത്തിയമ്മ പറയുന്നു.

ആതിരയ്ക്ക് ഇനി പ്രതീക്ഷയുടെ നാളുകൾ

കോഴിക്കോട്: ജീവിതത്തോടു പൊരുതാൻ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ചെറുകുളത്തൂർ സ്വദേശി ആതിര സാന്ത്വനസ്പർശം അദാലത്ത് വേദിയിലെത്തിയത്. എന്നാൽ, സ്നേഹ സ്വാന്തനങ്ങളിൽ ആഹ്ലാദവതിയായാണ് ഈ 26-കാരിയുടെ മടക്കം. നട്ടെല്ലിന് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആതിര ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷയുമയാണ് അദാലത്തിനെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു ചികിത്സാ സഹായം അനുവദിച്ചതിനുപുറമേ ആതിരക്ക് ഇഷ്ടപ്പെട്ട മാതൃകയിലുള്ള വീൽചെയർ നൽകണമെന്നും മന്ത്രി ടി. പി. രാമകൃഷ്ണൻ നിർദേശിച്ചു. ഒരു മാസത്തിനുള്ളിൽ ലാപ്ടോപ്പ് നൽകുമെന്നും മന്ത്രി ഉറപ്പു നൽകി. ഇപ്പോൾ സിവിൽ സർവിസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആതിര മൊബൈൽ ഫോൺ വഴിയാണ് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നത്. ഇതിന്റെ പ്രയാസവും പരിമിതിയും മനസ്സിലാക്കിയാണ് ലാപ്ടോപ്പ് നൽകണമെന്ന നിർദേശം നൽകിയത്. വേദിയിൽ നിന്നിറങ്ങി ആതിരയുടെ അടുത്തെത്തിയാണ് മന്ത്രി അപേക്ഷ സ്വീകരിച്ചത്. 2016 -ൽ ബി.ഡി.എസിന് ബാംഗ്ലൂരിൽ പഠിക്കുന്ന സമയത്ത് ബൈക്ക് അപകടത്തിൽ പെട്ട് നട്ടെല്ല് പൊട്ടി സ്‌പൈനൽ കോഡ് തകരാറിലാവുകയായിരുന്നു. ഇപ്പോൾ 75 ശതമാനത്തോളം അംഗവൈകല്യമുണ്ട്. 80 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചികിത്സ നടത്തിയത്. ബി.ഡി.എസ്. പഠനം പൂർത്തിയാക്കിയിട്ടും ജോലിയുമായി ഒതുങ്ങിക്കൂടാതെ സിവിൽ സർവീസ് രംഗത്തേക്ക് വരാനാണ് ആതിരയുടെ ആഗ്രഹം. തന്റെ അവസ്ഥയിൽ കഴിയുന്ന ആളുകൾക്ക് പ്രചോദനമാവാനാണ് സിവിൽ സർവീസ് തിരഞ്ഞെടുത്തതെന്നു ആതിര പറയുന്നു.