metha
പ്രിയദർശനി തേയില തോട്ടത്തിലെത്തിയ ബിശ്വാസ് മേത്ത തൊഴിലാളികളോട് വിട പറയുന്നു

കൽപ്പറ്റ: സർവീസിന്റെ തുടക്കക്കാലത്ത് വയനാട്ടിലുണ്ടായിരുന്ന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വീണ്ടും ചുരം കയറിയെത്തി; കാടിന്റെ മക്കളെ കാണാനും യാത്ര ചോദിക്കാനും.

ഇനി കുറച്ച് നാൾ മാത്രമെ സർവീസിലുള്ളൂ. അതിനിടിക്ക് വയനാട്ടിൽ എത്തണമെന്ന് ബിശ്വാസ് മേത്ത നേരത്തെ വിചാരിച്ചതാണ്. അതിന് മാറ്റം വരുത്തിയില്ല.

ജീവിതത്തിൽ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് വയനാടുമായുളള അടുത്ത ബന്ധത്തിലൂടെയാണെന്ന് അദ്ദേഹം എന്നും പറയുമായിരുന്നു. ഇന്നലെ ഭാര്യയ്ക്കൊപ്പം എത്തിയ ബിശ്വാസ് മേത്തയ്ക്ക് ഹൃദ്യമായ യാത്രയയപ്പാണ് വയനാടൻ ജനത നൽകിയത്.

ആദിവാസികളെ ഏറെ സ്നേഹിച്ചിരുന്നു ഇൗ ഐ. എ. എസുകാരൻ. വയനാടിന്റെ ജനപ്രിയ കളക്ടറായാണ് ഇപ്പോഴും അദ്ദേഹം അറിയപ്പെടുന്നത്. അടിമവേലയിൽ നിന്ന് മോചിപ്പിച്ച് ആദിവാസികളെ കുടിയിരുത്തിയ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ പ്ളാന്റേഷൻ. ഇൗ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത് പി.മാരാപാണ്ഡ്യൻ സബ് കളക്ടറായി പ്രവർത്തിച്ചപ്പോഴാണ്. എന്നാൽ പദ്ധതി വിജയം കാണുന്നത് ബിശ്വാസ് മേത്ത ഇവിടെ ചുമതലയേറ്റതോടെയാണ്. പിന്നീട് ചീഫ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും പദ്ധതിയുടെ വിജയത്തിനായി ഏറെ പ്രവർത്തിച്ചു. തൊഴിലാളികളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ കണ്ട് കൊണ്ടാണ് ബിശ്വാസ് മേത്ത കണ്ടിരുന്നത്. അത് കൊണ്ട് തന്നെ ആദിവാസികൾ ഉൾപ്പെടെ തൊഴിലാളികൾ ജീവിതത്തിന്റെ ഭാഗമായി മാറി.

പ്രിയദർശിനിയിലെ തൊഴിലാളികൾ അദ്ദേഹത്തിന് സ്വീകരണം നൽകി.കളക്ടറേറ്റിലും സ്വീകരണമുണ്ടായിരുന്നു.
പഴയ ക്യാമ്പ് ഹൗസ് ഉൾപ്പെടെ സന്ദർശിച്ചാണ് ഈ മാസം ഒദ്യോഗിക പദവിയിൽ നിന്നു വിരമിക്കുന്ന അദ്ദേഹം മടങ്ങിയത്.