കോഴിക്കോട്: കുന്ദമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതുതായി സ്ഥാപിച്ച ഫുട്ബാൾ ടർഫിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 70 ലക്ഷം രൂപ ചെലവിലാണ് ഫുട്‌ബോൾ ടർഫ് നിർമ്മിച്ചത്.
ടർഫ് ഉദ്ഘാടനത്തോടനുബന്ധിച്ച് എം.എൽ.എ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തിയ ഇന്റർ കോളജിയറ്റ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു.
നിലവിൽ മൂന്ന് ഡിഗ്രി കോഴ്സുകളുള്ള ഗവ. കോളജിൽ ഈ വർഷം മുതൽ എം.എസ്.സി മാത്
സ് കോഴ്സ് കൂടി ആരംഭിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ കെട്ടിട സമുച്ചയങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ തൊഴിൽ സാധ്യതയുള്ള കൂടുതൽ കോഴ്സുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 3.25 കോടി രൂപ ചെലവിൽ നിർമ്മിച്ച അക്കാഡമിക് ബ്ലോക്കിലാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, വൈസ് പ്രസിഡന്റ് എം. സുഷമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൻ ഷിയോലാൽ, പി. ശിവദാസൻ നായർ, പ്രിൻസിപ്പൽ വി.പി ബഷീർ, കായിക വിഭാഗം മേധാവി ഡോ. ജയിൻ ജോൺ, വിവിധ മേഖലകളിൽ നിന്നുള്ള ഡോ.കെ മുഹമ്മദ് നൗഫൽ, ഡോ. എൻ. സുപ്രഭ, പി.ടി സജന, ഷാജി ആന്റണി, കുമാരി എം. അലീന തുടങ്ങിയവർ പ്രസംഗിച്ചു.