p
സിനിമാ സംവിധായകൻ എം. മോഹൻ നിലവിളക്ക് കൊളുത്തി പച്ചപ്പീട്യ ഉദ്ഘാടനം ചെയ്യുന്നു, പി.കെ. ബാബു, ഷാജീവ്, അജയൻ ചേകാടി തുടങ്ങിയവർ സമീപം

പുൽപ്പള്ളി: സഞ്ചാരികൾക്ക് വയനാടിന്റെ തനത് വിഭവങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പച്ചപ്പീട്യയുണ്ട് ചേകാടിയിൽ. കബനീ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ചേകാടിയെന്ന വന-വയൽ ഗ്രാമത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരത്തെ തൊട്ടറിയാനുള്ള അവസരമുണ്ടിവിടെ. തലമുറകളായ് കൈമാറപ്പെട്ട ഗൃഹോപകരണങ്ങൾ, വാദ്യോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയെല്ലാം പുതിയ തലമുറയുടെ കാഴ്ചയ്ക്കായ് അവിടെ ഒരുക്കിയിട്ടുണ്ട്. ഗോത്ര ജനതയുടെ നിർമ്മാണ രീതിയിലാണ് കെട്ടിടങ്ങളുണ്ടാക്കിയിട്ടുള്ളത്. മുളയിൽ നിർമ്മിച്ച ചുവരുകൾക്ക് മുകളിൽ വൈക്കോൽ വിരിച്ചിരിക്കുന്നു. ചാണകവും മണ്ണും ചേർത്ത് മെഴുകിയ നിലം. ചേകാടിയിൽ ഉത്പാദിപ്പിക്കുന്ന ജൈവ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരവുമുണ്ട്. തനത് വിഭവങ്ങൾ തയ്യാറാക്കി നൽകുന്ന ഒരടുക്കളയും ഇവിടെ സജ്ജമാകുന്നു.

അജയൻ ചേകാടിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ "നവ"യുടേതാണ് ആശയം, പ്രാദേശിക കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കോഴിക്കോട്ടെ സ്പെക്ട്ര ഇംപെക്സ് എന്ന സ്ഥാപനത്തിന്റെ പിന്തുണയുമുണ്ട്.

വ്യാഴാഴ്ച നടന്ന ലളിതമായ ചടങ്ങിൽ സിനിമാ സംവിധായകൻ എം.മോഹൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു, സീതാറം മിൽ ഡയറക്ടർ പി.കെ. ബാബു, സ്പെക്ട്ര ഇംപെക്സ് പ്രതിനിധി ഷാജീവ് തുടങ്ങിയവർ സംസാരിച്ചു.