crime
അർഷാദ്

ഫറോക്ക്: ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുഗുളികകളുമായി (എം.ഡി.എം.എ) കൊടുവള്ളി മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് ( 20 ) പിടിയിലായി. കാറിൽ കടത്തുന്നതിനിടെയായിരുന്നു എക്സൈസ് സംഘത്തിന്റെ വേട്ട. ഇയാളിൽ നിന്ന് 5470 മില്ലി ഗ്രാം ഗുളികകൾ പിടിച്ചെടുത്തു. എറ്റിയോസ് ലിവ കാറും കസ്റ്റഡ‌ിയിലെടുത്തിട്ടുണ്ട്.

ഇന്നലെ ചെറുവണ്ണൂർ ശാരദ മന്ദിരത്തിനടുത്ത് ഫറോക്ക് എക്‌സൈസ് റേഞ്ച് പാർട്ടിയും എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി വാഹന പരിശോധന നടത്തുന്നതിനിടയിൽ ഫറോക്ക് ഭാഗത്തു നിന്നു വന്ന കാർ കൈ കാണിച്ചിട്ടും നിറുത്താതെ പോവുകയായിരുന്നു. ഉടൻ എക്സൈസ് സംഘം പിന്തുടർന്ന് മോഡേൺ ബസാറിലെ സ്റ്റീൽ കോംപ്ലക്‌സിസിനു മുന്നിൽ വച്ച് കാർ തടഞ്ഞു. ചാടിയിറങ്ങിയ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യുവാവിന്റെ ജീൻസിന്റെ പോക്കറ്റിലാണ് ഗുളികകൾ സൂക്ഷിച്ചിരുന്നത്. താമരശ്ശേരി, കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര
ഭാഗങ്ങളിൽ വില്പന നടത്താൻ ബംഗളൂരുവിൽ നിന്ന് എത്തിച്ചതാണെന്നായിരുന്നു പ്രതിയുടെ മൊഴി.

കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ

ഐ.ബി ഇൻസ്പെക്ടർ പ്രജിത്ത് എ , പ്രിവന്റീവ് ഓഫീസർ എം , അബ്ദുൾ ഗഫൂർ ഫറോക്ക് റേഞ്ച് പ്രവന്റീവ് ഓഫീസർ പി.അനിൽ ദത്ത് കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ എൻ ശ്രീശാന്ത് , ടി കെ രാഗേഷ് , എ.സവീഷ് , റെജി.എം , വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുള എൻ, എക്സൈസ് ഡ്രൈവർ പി.സന്തോഷ് കുമാർ എന്നിവരുണ്ടായിരുന്നു .