shihabudheen

കോഴിക്കോട്: മാനഭംഗക്കേസുൾപ്പെടെ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. മലപ്പുറം പുറത്തൂർ കാളൂർ പുതുപ്പള്ളി പാലക്കവളപ്പിൽ ഏന്തീന്റെ മകൻ ശിഹാബുദ്ദീനെയാണ് (37) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾ നാൽപതോളം കേസുകളിൽ പ്രതിയാണെന്നും നാലു വർഷത്തോളമായി വിവിധ സംസ്ഥാനങ്ങളിലായി മുങ്ങി നടക്കുകയായിരുന്നവെന്നും പൊലീസ് പറഞ്ഞു

. മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗത്തിനു മുതിർന്ന കേസിൽ കഴിഞ്ഞ മൂന്നാഴ്ചയായി ഒളിവിലായിരുന്നു. നോർത്ത് അസി. കമ്മിഷണർ കെ.അഷ്‌റഫിന്റെ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മടവൂർ മഖാം പരിസരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലായി ഇയാൾക്കെതിരെ കേസുകളുണ്ട്.

മന്ത്രവാദവും മറ്റു നടത്തുന്ന ഉസ്താദാണെന്ന് പരിചയപ്പെടുത്തി സ്ത്രീകളുടെ സ്വർണവും പണവും കൈക്കലാക്കുന്നതും മാനഭംഗപ്പെടുത്തി ഭീഷണിപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി.

പ്രത്യേക അന്വേഷണ സംഘത്തിന്റെ മൂന്നാഴ്ച നീണ്ട പരിശ്രമഫലമായാണ് കുറ്റവാളിയെ അറസ്റ്റ് ചെയ്യാനായത്. ഇയാൾ 14 സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നതിനാൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു. അന്വേഷണസംഘത്തിൽ ജൂനിയർ എസ്.ഐ. ടി.എൻ.വിപിൻ, എസ്. ഐ. പി.കെ.സൈനുദ്ദീൻ, എ.എസ്.ഐ. മാരായ ഒ.ഉണ്ണിനാരായണൻ, കെ.വി.രാജേന്ദ്രകുമാർ, വി.മനോജ്കുമാർ, വനിതാ സി.പി.ഒ. ജംഷീന, സി.പി.ഒ. ഡ്രൈവർ സനിത്ത്, സി.പി.ഒ. കൃജേഷ് എന്നിവരുമുണ്ടായിരുന്നു.