photo
വിദഗ്ദ്ധ സംഘം ബാലുശ്ശേരി പനങ്ങാട് ഗ്രാമപഞ്ചായത്തുകളിലെത്തി പരിശോധന നടത്തുന്നു

ബാലുശ്ശേരി :ബാലുശ്ശേരി ,പനങ്ങാട് പഞ്ചായത്തുകളിൽ മാസങ്ങളോളമായി തെങ്ങിന് കണ്ടു വരുന്ന ഒാല ചീയൽ,​ കരിഞ്ഞ് ഉണങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങളുടെ ഭാഗമായി വിദഗ്ധ സംഘം സ്ലലം സന്ദർശിച്ചു. ബാലുശ്ശേരി കൃഷി ഓഫീസർ പി.വിദ്യ തെങ്ങിന്റെ രോഗത്തെക്കുറിച്ച് വിശദീകരിച്ചതിന്റെയും മണ്ണ് പരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. പൂങ്കുല , തെങ്ങോല എന്നിവരുടെ സാമ്പിളുകൾ ശേഖരിച്ചു. പരിശോധനയ്ക്കുശേഷം വിശദമായ പരിഹാരമാർഗങ്ങൾ ലഭ്യമാക്കുമെന്ന് സംഘം അറിയിച്ചു.സമാന ലക്ഷണങ്ങൾ സമീപ പഞ്ചായത്തായ പനങ്ങാട് പ്രദേശത്തെ കൃഷിയിടത്തിലും കണ്ടെത്തിയിട്ടുണ്ട്. ഇത് രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതായി സംഘം വിലയിരുത്തി. മണ്ണിലെ അമ്ളതയുംഫോസ്ഫറസിന്റെ ആധിക്യവും തെങ്ങിന് ആവശ്യമായ മൂലകങ്ങളുടെ ലഭ്യത കുറയ്ക്കുമെന്ന് സംഘം പറഞ്ഞു.കുമ്മായം നൽകിയശേഷം സൂക്ഷ്മ മൂലകങ്ങൾ ആയ മെഗ്നീഷ്യം ബോറോൺ എന്നിവയും ട്രൈക്കോ ഡർമ്മസമ്പുഷ്ടീകരിച്ച ചാണകം വേപ്പിൻ പിണ്ണാക്ക് എന്നിവ നൽകി തെങ്ങിന്റെ ആരോഗ്യം സംരക്ഷിക്കണമെന്നും സംഘം നിർദ്ദേശിച്ചു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസി. പ്രൊഫ ഡോ.പ്രീത ,ഡോ. നജീബ് ,കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഡോ. സഞ്ജു ബാലൻ , പടന്നക്കാട് കാർഷിക കോളേജിലെ അസി. പ്രൊ‍ഫ ഡോ. നിദീഷ് എന്നിവരുടെ സംഘമാണ് സന്ദർശനം നടത്തിയത്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.അനിത, ആത്മ ഡയറക്ടർ രമാദേവി എന്നിവരുടെ നേതൃത്വത്തിൽ പനങ്ങാട് കൃഷി അസി. സതീഷ് , ആത്മ അംഗങ്ങളായ കൃഷ്ണപ്രിയ ,പി.പി ചന്ദ്രൻ , സദാനന്ദൻ , വിജീഷ് തുടങ്ങിയവർ സംഘത്തിന് ആവശ്യമായ സഹായ സഹകരണങ്ങൾ നല്കി.