kunnamangalam
കുന്ദമംഗലം മാതൃകാ പൊലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുന്നു

കുന്ദമംഗലം/ മുക്കം: അടിസ്ഥാന സൗകര്യവികസന രംഗത്ത് ഈ അഞ്ചു വർഷത്തിനിടയിൽ സമാനതകളില്ലാത്ത വികസന പ്രവൃത്തികളാണ് പൊലീസ് വകുപ്പിൽ ഏറ്റെടുത്ത് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കുന്ദമംഗലം മാതൃകാ പൊലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനവും മുക്കം പൊലീസ് സ്റ്റേഷൻ കെട്ടിട ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മിക്കവാറും പൊലിസ് സ്റ്റേഷനുകൾക്ക് സ്വന്തം കെട്ടിടമുണ്ടാക്കാനായി. സ്റ്റേഷനുകൾക്ക് മാത്രമല്ല വകുപ്പിന്റെ വിവിധ ഓഫീസുകൾക്കും കെട്ടിടങ്ങൾ നിർമ്മിച്ചു. ബറ്റാലിയൻ ഓഫീസുകൾ, കൺട്രോൾ റൂമുകൾ, ലബോറട്ടറികൾ, പരിശീലന കേന്ദ്രങ്ങൾ ഇവയെല്ലാം ഇതിലുൾപ്പെടും. പൊലിസ് ഉദ്യോഗസ്ഥർക്ക് മികച്ച താമസ സൗകര്യമൊരുക്കാനായി ക്വാട്ടേഴ്‌സുകളും പണിതീർത്തു. ഇതിന്റെ തുടർച്ചയായാണ് കുന്നമംഗലം സ്റ്റേഷന് പുതിയ കെട്ടിടം യാഥാർത്ഥ്യമായതും മുക്കമടക്കമുള്ള പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടങ്ങളുയരുന്നതും. കുന്ദമംഗലത്തെ ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എൻജിനിയർ കെ.ലേഖ. റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.49 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെ മികച്ച ഇന്റീരിയർ സംവിധാനങ്ങളുമായുള്ള കുന്ദമംഗലം സ്റ്റേഷൻ കെട്ടിടം ജനസൗഹൃദ അന്തരീക്ഷമൊരുക്കിയ സംസ്ഥാനത്തെ മികച്ച കെട്ടിടമായാണ് വിലയിരുത്തുന്നത്. സ്റ്റേഷൻ കെട്ടിട സാക്ഷാത്കാരത്തിൽ മുഖ്യപങ്ക് വഹിച്ച കുന്ദമംഗലം സിവിൽ പൊലീസ് ഓഫീസർ ഇ.രജീഷ്, ഡിസൈൻ തയ്യാറാക്കിയ എൻ.ഐ.ടി ആർകിടെക്ചറൽ വിംഗ് മേധാവി ഡോ. സി മുഹമ്മദ് ഫിറോസ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഉത്തരമേഖലാ ഐ.ജി പി അശോക് യാദവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിജി പുൽക്കുന്നുമ്മൽ, ഓളിക്കൽ ഗഫൂർ, എ. രാഘവൻ, കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, എം.ധനീഷ്‌ ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് മെമ്പർ പി കൗലത്ത്, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.ഉമേഷ്, പൊലീസ് അസോസിയേഷൻ പ്രസിഡന്റ് വി.പി പവിത്രൻ, ഇ വിനോദ്കുമാർ, എം.പി കേളുക്കുട്ടി, അരിയിൽ മൊയ്തീൻ ഹാജി, ചൂലൂർ നാരായണൻ, തളത്തിൽ ചക്രായുധൻ, സി.കെ ഷമീം, രാജൻ മാമ്പറ്റച്ചാലിൽ, കെ ഭക്തോത്തമൻ എന്നിവർ സംസാരിച്ചു. സിറ്റി പൊലീസ് ചീഫ് എ.വി ജോർജ് സ്വാഗതവും ഡെപ്യൂട്ടി കമ്മിഷണർ കെ.പി അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു. മുക്കത്ത് ഒരുക്കിയ ചടങ്ങിൽ ജോർജ് എം.തോമസ് എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 2. 25 കോടി രൂപ ചെലവഴിച്ചാണ് പൊലിസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നത്. റൂറൽ പൊലീസ് ചീഫ് ഡോ.എ. ശ്രീനിവാസ്, മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത, മുക്കം നഗരസഭ വൈസ് ചെയർപേഴ്‌സൺ അഡ്വ. ചാന്ദ്‌നി, അശ്വതി സനൂജ്, പ്രജിതാ പ്രദീപ്, ടി. വിശ്വനാഥൻ, എം. ടി അഷ്‌റഫ്, പി. കെ കണ്ണൻ, സി. പി ചെറിയമുഹമ്മദ്, സി. ടി ജയപ്രകാശ്, വി. കുഞ്ഞാലി, കെ. സി നൗഷാദ്, ടി. എ അശോക് തുടങ്ങിയവർ സംസാരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി ഇ. പി പൃഥ്വിരാജ് സ്വാഗതവും മുക്കം എസ്.എച്ച്.ഒ എസ്. നിസാം നന്ദിയും പറഞ്ഞു.