കോഴിക്കോട് : സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ ഏഴ് വിദ്യാലയങ്ങളിലുൾപ്പെടെ സംസ്ഥാനത്തെ 111 വിദ്യാലയങ്ങളിലെ നവീകരിച്ചതും പുതുതായി നിർമ്മിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.

ജില്ലയിൽ ഏഴ് വിദ്യാലയങ്ങളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് ഓൺലൈൻ വഴി നിർവഹിച്ചത്.
ജി. എച്ച്. എസ്. എസ് നരിക്കുനിക്ക് കിഫ്ബി ഫണ്ടിൽ നിന്നു മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. മീഞ്ചന്ത ജി. വി. എച്ച്. എസ്. എസ് 1 കോടി രൂപ, മടപ്പള്ളി ജി. വി. എച്ച്. എസ്. എസ് 1.8 കോടി, കോതമംഗലം ജി. എൽ. പി സ്‌കൂൾ, കുമ്പളച്ചോല ജി. എൽ. പി സ്‌കൂൾ എന്നിവക്ക് ഒരു കോടി, ജി. എൽ. പി സ്‌കൂൾ പയ്യടി മീത്തൽ 19 ലക്ഷം, ജി. എൽ. പി സ്‌കൂൾ ചെലവൂർ 1.36 ലക്ഷം രൂപ എന്നിങ്ങനെയാണ് കെട്ടിട നിർമ്മാണത്തിനായി തുക ചെലവഴിച്ചത്. വിവിധ കേന്ദ്രങ്ങളിലായി നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങിൽ എം. എൽ. എമാരായ ഇ. കെ. വിജയൻ, കെ. ദാസൻ, കാരാട്ട് റസാക്ക്, എ. പ്രദീപ് കുമാർ, സി. കെ. നാണു തുടങ്ങിയവർ പങ്കെടുത്തു