മുക്കം: നഗരസഭയ്ക്ക് ഭവനപദ്ധതി നടത്തിപ്പിന് ദേശീയ അംഗീകാരം. ലൈഫ്,പി.എം.എ.വൈ ഭവന പദ്ധതികളും നഗരസഭയുടെ ഫണ്ടും ചേർത്ത് മുക്കം നഗരസഭ നടപ്പാക്കിയ ഭവന പദ്ധതിക്കാണ് കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചത്.ഇ എം.എസ്.സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ഗുണഭോക്താക്കളുടെ സംഗമത്തിൽ കോഴിക്കോട് ജില്ലപഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീലയിൽ നിന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു അവാർഡ് ഏറ്റുവാങ്ങി. മുൻ ഭരണ സമിതിയും സെക്രട്ടറി എൻ.കെ ഹരീഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് ദേശീയ അംഗീകാരം. ഭവന പദ്ധതി ഗുണഭോക്കാക്കളുടെ സംഗമത്തിന്റെ ഉദ്ഘാടനവും കാനത്തിൽ ജമീല നിർവഹിച്ചു. വൈസ് ചെയർപേഴ്സസൺ അഡ്വ. കെ.പി ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ വി. കുഞ്ഞൻ,മുൻ കൗൺസിലർമാർ, നിലവിലെ കൗൺസിലർമാർ, സെക്രട്ടറി എൻ.കെ.ഹരീഷ് എന്നിവർ സംബന്ധിച്ചു.