
കോഴിക്കോട്: ദുരന്തത്തിന്റെ മറവിൽ കൊള്ള നടത്തുന്ന സംഘമായി യൂത്ത് ലീഗ് മാറിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കത്വ, ഉന്നാവോ ഇരകൾക്ക് നീതി ഉറപ്പാക്കാനെന്ന വ്യാജേന ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ലക്ഷങ്ങൾ ഏതു രീതിയിൽ ചെലവഴിച്ചെന്ന് വ്യക്തമാക്കാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ യൂത്ത് ലീഗ് നേതൃത്വം പുറത്തുവിടണം. കേസ് നടത്തിപ്പിന് കേരളത്തിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നാണ് അഡ്വ. ദീപിക സിംഗ് രജാവത്ത് വെളിപ്പെടുത്തിയത്.
ഏതാണ്ട് പത്ത് ലക്ഷം രൂപ കേസ് നടത്തിപ്പിനായി അഡ്വ. മുബീൻ ഫറൂഖിക്ക് നൽകിയെന്ന് യൂത്ത് ലീഗ് പറയുന്നു. മുബീൻ ഫറൂഖി കേസിൽ ഇടപ്പെട്ടുവെന്നതിന് കോടതി രേഖ ഹാജരാക്കാൻ കഴിയുമോ. ഇതിൽ സമഗ്ര അന്വേഷണം വേണമെന്നും റഹീം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. വസീഫ്, ജില്ലാ പ്രസിഡന്റ് എൽ.ജി. ലിജീഷ് എന്നിവർ പങ്കെടുത്തു.