
കോഴിക്കോട്: എൻ.സി.പി ഇടതുമുന്നണി വിടുമെന്ന പ്രചാരണം ശരിയല്ലെന്നും പാലാ തരില്ലെന്ന് മുന്നണിയിലെ ആരും പറഞ്ഞിട്ടില്ലെന്നും എൻ.സി.പി വർക്കിംഗ് കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ പറഞ്ഞു. യു.ഡി.എഫിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിൽ സമാന സ്ഥിതി എൽ.ഡി.എഫിലും ഉണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പാർട്ടി അണികളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും തെറ്റിദ്ധാരണ പരത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നു. പാർട്ടി ദേശീയ നേതൃത്വം കേരളത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലാ സീറ്റിലടക്കം വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നത് തങ്ങളുടെ നിലപാടാണ്. പാലാ നൽകാമെന്ന ധാരണയിലല്ല ജോസ് കെ. മാണി എൽ.ഡി.എഫിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.