കോഴിക്കോട്: ബീച്ച് ശുചീകരണം ജനകീയ പങ്കാളിത്തത്തോടെ എന്ന ലക്ഷ്യത്തിൽ തുടക്കം കുറിച്ച ബീച്ച് ക്ലീനിംഗ് പരിപാടികളുടെ രണ്ടാം ഘട്ട പ്രവൃത്തികൾക്ക് തുടക്കമായി.

കൊവിഡ് രോഗവ്യാപനത്തിന് മുന്നോടിയായി ജില്ലയിലെ ബീച്ചുകൾ കേന്ദ്രീകരിച്ചു നടത്തി വന്നിരുന്ന പദ്ധതി ഒരു ഇടവേളക്ക് ശേഷം പുനരാരംഭിക്കുകയാണ്. രണ്ടാം ഘട്ട പ്രവൃത്തി സൗത്ത് ബീച്ച് പരിസരത്ത് ആരംഭിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കളക്ടർ എസ്. സാംബശിവ റാവു തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ മിഷൻ, കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവയുടെ സഹകരണത്തോടെ ഒരുക്കിയ ശുചീകരണം പി.ആർ.ടി.സി. ഉൾപ്പെടെയുള്ള സന്നദ്ധ സേനകളും, ബീച്ച് ശുചീകരണ കൂട്ടായ്മ, 'നമ്മുടെ കോഴിക്കോട്' ആപ്ലിക്കേഷൻ മുഖേന രജിസ്റ്റർ ചെയ്ത പൊതു ജനങ്ങളും പങ്കാളികളായി.