ബാലുശ്ശേരി: 'ചോര നീരാക്കി വാങ്ങിയ 10 സെന്റ് സ്ഥലവും വീടും പണയം വെച്ച് വാങ്ങിയ ഒമ്പതു പവന്റെ ആഭരണങ്ങൾ ഇന്ന് തൊണ്ടി മുതലാണ് ". ബാലുശ്ശേരി അരീപ്പുറം മുക്കിലെ കേളോത്ത് കൃഷ്ണനും ശാരദയും തൊണ്ടയിടറിയാണ് ഇത് പറഞ്ഞു നിർത്തിയത്. ഇളയ മകളുടെ വിവാഹത്തിന് നൽകിയ ആഭരണങ്ങൾ തൊണ്ടിമുതലായതിന്റെ കഥ ദമ്പതികൾ പറയുമ്പോൾ കേൾക്കുന്നവരുടെ കണ്ണും ഈറനണിയും.
ഓട് മേഞ്ഞ ചെറിയൊരു വീട്ടിൽ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു കൃഷ്ണനും ഭാര്യ ശാരദയും. രണ്ട് പെൺമക്കളുടെയും വിവാഹം കഴിഞ്ഞതോടെ 'സ്വസ്ഥം ഗൃഹഭരണം'. എന്നാൽ 2019 മേയ് 26നാണ് സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയ മോഷണം നടക്കുന്നത്. അടുത്ത വീട്ടിലെ വിവാഹ സത്ക്കാരത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു കൃഷ്ണനും ശാരദയും. ഒരു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല.
വീട്ടിലേക്ക് കയറുമ്പോൾ പിൻഭാഗത്തു നിന്ന് ഓടിപ്പോകാൻ ശ്രമിച്ച യുവാവിനോട് കാര്യം തിരക്കിയെങ്കിലും ശുചി മുറിയിൽ പോയതാണെന്നും പറഞ്ഞ് അയാൾ പോയി. ഇതിനിടെ പിൻവാതിൽ തുറന്നു കിടക്കുന്നത് കണ്ട ശാരദ വീടിനകത്ത് കയറി നോക്കിയപ്പോൾ അലമാര തുറന്നു കിടക്കുന്നു, ആഭരണങ്ങൾ കാണാനുമില്ല. വീടിന്റെ പിന്നിൽ നിന്ന് ഓടിപ്പോയ യുവാവിന്റെ പിറകെ കൃഷ്ണൻ ഓടിയെങ്കിലും റോഡിൽ നിർത്തിയിട്ട ബൈക്കിൽ അയാൾ രക്ഷപ്പെട്ടു. ബാലുശ്ശേരി പൊലീസിൽ നൽകിയ പരാതിയിൻമേൽ അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
മാസങ്ങൾക്ക് ശേഷം നിരവധി കേസിലെ പ്രതിയായ അന്നശ്ശേരി കൊല്ലോത്തുംകണ്ടി താഴം വീട്ടിൽ സി.കെ ഷൈജു അത്തോളി പൊലീസിന്റെ പിടിയിലായതോടെ ആഭരണ മോഷണവും തെളിഞ്ഞു.
നാലേകാൽ ലക്ഷം രൂപയും സ്വർണാഭരണങ്ങളും സഹിതം അറസ്റ്റിലായ ഷൈജു ജാമ്യത്തിലിറങ്ങിയെങ്കിലും ഒന്നര വർഷമായി കേസ് കോടതിയിലാണ്. കൃഷ്ണനും ഭാര്യയും ഇടയ്ക്കിടെ ബാലുശ്ശേരി പൊലീസിനോട് കാര്യങ്ങൾ അന്വേഷിക്കും. പക്ഷെ, എപ്പോഴും വ്യക്തതയില്ലാത്ത മറുപടി. മോഷണം പോയ ഒമ്പതു പവന് വേണ്ടി മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി കൃഷ്ണൻ കയറിയിറങ്ങിയത് 12 തവണയാണ്. രണ്ടു തവണ എലത്തൂർ പൊലീസ് സ്റ്റേഷനിലും ഒരു തവണ കാക്കൂർ പൊലീസ് സ്റ്റേഷനിലും പ്രതിയെ തിരിച്ചറിയാനായി പോയതൊഴിച്ചാൽ ബാക്കിയെല്ലാം ആഭരണങ്ങൾ എന്നു കിട്ടുമെന്ന് അറിയാനായിരുന്നു.
മകൾ ഭർതൃ വീട്ടിലേക്ക് പോയപ്പോൾ അമ്മയെ സൂക്ഷിക്കാൻ ഏൽപ്പിച്ച ഒമ്പത് പവൻ നഷ്ടമായതോർക്കുമ്പോൾ ഇപ്പോഴും ദമ്പതികളുടെ നെഞ്ച് കത്തുകയാണ്. കള്ളൻ കൊണ്ടുപോയ ആഭരണങ്ങൾ കണ്ടുകിട്ടിയെങ്കിലും തൊണ്ടിമുതൽ എന്നാണ് സ്വന്തമാവുകയെന്ന ഉത്തരം മാത്രം ഇവരുടെ കൈയിലില്ല.