img20210207
എൻ.കെ.ഹരിഷ്

മുക്കം: മുക്കം നഗരസഭയെ മുന്നിലെത്തിച്ച സെക്രട്ടറി എൻ.കെ.ഹരിഷിന് പൊന്നാനിയിലേക്ക് സ്ഥലംമാറ്റം. 2015ൽ നിലവിൽ വന്ന മുക്കം നഗരസഭയിൽ 2016 മുതൽ ഇദ്ദേഹമാണ് സെക്രട്ടറി. പല നൂതന പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കി നഗരസഭയെ മികവിൽ മുൻനിരയിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭവന പദ്ധതി നടത്തിപ്പിലെ മികവിനുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡാണ് ഏറ്റവുമൊടുവിൽ കഴിഞ്ഞ ശനിയാഴ്ച മുക്കം നഗരസഭ ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി ആവാസ് യോജന നിർവഹണത്തിന് കേന്ദ്ര പാർപ്പിട - നഗരകാര്യ മന്ത്രാലയത്തിന്റെ അവാർഡ് കേരളത്തിൽ മുക്കം നഗരസഭയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇന്ത്യയിലാകെ അഞ്ചു നഗരങ്ങളെ തിരഞ്ഞെടുത്തതിലാണ് മുക്കം ഉൾപെട്ടത്. ഉത്തർപ്രദേശിലെ മിർസാപൂർ, ജാർഘണ്ഡിലെ ജൂംറിതിലയ, ഛത്തിസ്ഗഡിലെ ദോനഗ്ര, മധ്യപ്രദേശിലെ ഖുറേ എന്നിവയാണ് മറ്റു നഗരങ്ങൾ. ദക്ഷിണേന്ത്യയിൽ മുക്കം മാത്രം.ഭവന പദ്ധതി നടത്തിപ്പിന് നൂതന മാതൃകകൾ അവലംബിച്ചതാണ് ശ്രദ്ധേയമായതും മുക്കം നഗരസഭയെ അവാർഡിന് അർഹമാക്കിയതും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും പദ്ധതികൾ സംയോജിപ്പിച്ച് നടപ്പാക്കിയതും ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തിയതും ശ്രദ്ധേയമായി.